നിര്‍ണായകമൊഴി നല്‍കിയ വഫയെ പ്രതിയാക്കി പൊലീസ്; ശ്രീറാമിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം
Kerala News
നിര്‍ണായകമൊഴി നല്‍കിയ വഫയെ പ്രതിയാക്കി പൊലീസ്; ശ്രീറാമിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് സംശയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 9:10 am

തിരുവനന്തപുരം: ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാന്‍ വീണ്ടും നീക്കം. കേസില്‍ നിര്‍ണായകമൊഴി നല്‍കിയ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിനെതിരെ കേസെടുത്തതാണ് അട്ടിമറി നീക്കമെന്ന സംശയത്തെ ബലപ്പെടുത്തുന്നത്.

ദൃക്‌സാക്ഷിയെ പ്രതിയാക്കി ശക്തമായ മൊഴി ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വഫയ്‌ക്കെതിരെ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ദൃക്‌സാക്ഷിയെ കൂട്ടുപ്രതിയാക്കിയാല്‍ കേസ് ദുര്‍ബലമാകുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

അപകടമുണ്ടാക്കിയത് ശ്രീറാമാണെന്നും അദ്ദേഹം മദ്യലഹരിയിലായിരുന്നെന്നുമുള്ള മൊഴി വഫ പൊലീസിന് നല്‍കിയിരുന്നു. വഫയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു.

നേരത്തെ പൊലീസ് ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ബഷീറിന്റെ കുടുംബവും രംഗത്തെത്തിയിരുന്നു.

‘തുടക്കം മുതല്‍ പൊലീസ് ഒത്തുകളിക്കുകയാണ്. രക്തപരിശോധന വൈകിച്ചതില്‍ ദുരൂഹതയുണ്ട്. സാക്ഷികള്‍ മൊഴിമാറ്റുമെന്ന ആശങ്കയുണ്ട്.’- ബഷീറിന്റെ സഹോദരന്‍ പറഞ്ഞു.

വെള്ളിയാഴ്ച അര്‍ധരാത്രിയാണ് അമിതവേഗതയില്‍ വന്ന് കാറിടിച്ച് സിറാജ് ദിനപത്രത്തിലെ തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീര്‍ മരിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചായിരുന്നു സംഭവം.

കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍.

വൈദ്യപരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. കാറോടിച്ചത് താനല്ലെന്നും സുഹൃത്താണെന്നും ശ്രീറാം വെങ്കട്ടരാമന്‍ പറഞ്ഞെങ്കിലും കാറോടിച്ചത് ശ്രീറാമാണെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു.

WATCH THIS VIDEO: