'എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ട'തെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ശ്രീജീത്തിന്റെ സഹോദരന്‍
Custodial Death
'എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ട'തെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ശ്രീജീത്തിന്റെ സഹോദരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th April 2018, 10:29 am

വരാപ്പുഴ: കസ്റ്റഡി മരണത്തിന് ഇരയായ ശ്രീജിത്തിന്റെ അനിയന്‍ സജിത്തിനും പൊലീസ് ഭീഷണി. ജാമ്യത്തില്‍ ഇറങ്ങുമ്പോള്‍ “എന്തെങ്കിലുമൊക്കെ വിളിച്ചുപറഞ്ഞാല്‍ ഇങ്ങോട്ടുതന്നെയാണ് തിരിച്ചു വരേണ്ട”തെന്നും മാധ്യമങ്ങളെ കാണരുതെന്നും പൊലീസ് ഭീഷണിപ്പെടുത്തിയതായി സജിത്ത് പറഞ്ഞു.

വീട് ആക്രമണ കേസില്‍ ശ്രീജിത്തിനൊപ്പം സജിത്തിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ശ്രീജിത്തിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനാണ് കോടതി രണ്ട് ദിവസത്തെ ജാമ്യം അനുവദിച്ചത്.

വീട് ആക്രമിച്ചതിനെതുടര്‍ന്ന് ദേവസ്വംപാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത കേസിലാണ് ശ്രീജിത്തിനൊപ്പം സജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സജിത്തിന് ചൊവ്വാഴ്ചയാണ് ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ച രാവിലെ 11-ന് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം.

തന്നെയും ചേട്ടന്‍ ശ്രീജിത്തിനെയും മഫ്തിയില്‍ വന്ന പൊലീസുകാരാണ് അറസറ്റ് ചെയ്തതെന്നും സ്റ്റേഷനില്‍ എത്തുവോളും ക്രൂരമായി തങ്ങളിരുവരെയും മര്‍ദ്ദിച്ചിരുന്നെന്നും സജിത്ത് വെളിപ്പെടുത്തി. വണ്ടിയില്‍ കയറ്റുന്നതിനുമുമ്പ് അടിച്ചപ്പോള്‍ ശ്രീജിത്ത് നിലത്തുവീണു. അപ്പോള്‍ പോലീസ് ശ്രീജിത്തിന്റെ വയറിന് ചവിട്ടിയതായും സജിത്ത് പറയുന്നു.


Also Read ഉന്നാവോ ബലാത്സംഗ കേസ്: യുവതിയുടെ പിതാവിന്റെ മൃതദേഹസംസ്‌കാരം ഇനിയും കഴിഞ്ഞിട്ടില്ലെങ്കില്‍ സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി


കേസില്‍ പൊലീസ് തിരഞ്ഞിരുന്ന മറ്റൊരു പ്രതിയായ തുളസിദാസ് എവിടെയെന്നു ചോദിച്ചായിരുന്നു പൊലീസിന്റെ മര്‍ദ്ദനമെന്നും സ്റ്റേഷനില്‍ എത്തുമ്പോഴേക്കും ശ്രീജിത്ത് തളര്‍ന്ന് പോയിരുന്നെന്നും സജിത്ത് പറഞ്ഞു. തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്ന് ശ്രീജിത്ത് ആവശ്യപ്പെട്ടെങ്കിലും പൊലീസ് ചെവികൊണ്ടില്ലെന്നും തുടര്‍ന്ന് നിലത്തുകിടന്നിരുന്ന ശ്രീജിത്തിനെ കാലുകൊണ്ട് തട്ടി എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീണ്ടും നിലത്തേക്ക് വീണുപോയെന്നും സജിത്ത് പറഞ്ഞു.

തീര്‍ത്തും അവശനിലയിലായപ്പോള്‍മാത്രമാണ് ശ്രീജിത്തിനെ ശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇതേ കേസില്‍ കസ്റ്റഡിയില്‍ എടുത്ത മറ്റുള്ളവരെയും പോലീസ് മൃഗീയമായി മര്‍ദിച്ചെന്നും സജീവ് പറഞ്ഞു.

അതേസമയം ശ്രീജിത്തിനെ ആളുമാറിയല്ല അറസ്റ്റ് ചെയ്തതെന്ന് റൂറല്‍ എസ്.പി എ.വി ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍
ശ്രീജിത്തിനെതിരെ പരാതി നല്‍കിയിട്ടില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകന്‍ വിനീഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. പൊലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ട ശ്രീജിത്ത് വീടാക്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് വിനീഷ് പറഞ്ഞത്.

വെള്ളിയാഴ്ച വാരാപ്പുഴ ദേവസ്വം പാടത്ത് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെ വാസുദേവന്‍ എന്നയാളുടെ വീട്ടില്‍ കയറി ഗൃഹനാഥനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് ശ്രീജിത്തിനെയും മറ്റു 10 പേരെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നെന്ന് മജിസ്ട്രേറ്റിനെ നേരിട്ട് ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ശ്രീജിത്തിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു അന്ത്യം.


Read it ‘പതിനൊന്ന് വയസിലാരംഭിച്ച പീഡനമാണ്, പക്ഷേ അയാള്‍ക്കെതിരെ ഞാന്‍ പരാതിപ്പെടരുതായിരുന്നു, എന്റെ അച്ഛനെങ്കിലും ജീവിച്ചിരുന്നേനെ!’


ആന്തരിക രക്തസ്രാവവും ഛര്‍ദ്ദി, മൂത്ര തടസം എന്നിവയ്ക്കാണ് ശ്രീജിത്ത് ചികിത്സ തേടിയത്. ഇന്നലെ വൈകിട്ടോടെ ഇയാളെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് മനുഷ്യാവകാശ കമ്മിഷന്‍ ഇദ്ദേഹത്തെ സന്ദര്‍ശിച്ച് സ്വമേധയാ കേസെടുത്തിരുന്നു. ശ്രീജിത്തിന് പൊലീസ് മര്‍ദ്ദനമേറ്റതായും അതാണ് മരണകാരണമെന്നും ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ ക്ഷേത്രത്തിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പരിക്കുകളാവാം മരണകാരണമെന്നാണ് പൊലീസ് പറയുന്നത്.

വെള്ളിയാഴ്ച വൈകിട്ടാണ് ആക്രമി സംഘം ആയുധങ്ങളുമായി വാസുദേവന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഈ സമയം വാസുദേവനും ഭാര്യ സീതയും മകന്‍ വിനീഷും മകള്‍ വിനീതയും വിനീതയുടെ രണ്ട് കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. അച്ഛനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച മകന്‍ വിനീഷിനെ സംഘം വടിവാള്‍ കൊണ്ട് വെട്ടി. വിനീതയുടെ മകള്‍ മൂന്നുവയസ്സുള്ള നിഖിതയെ അക്രമികള്‍ വലിച്ചെറിഞ്ഞു.