തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ തുടങ്ങുന്ന ലോക്ഡൗണിനായി ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പൊലീസിന് അതൃപ്തി. നിലവില്‍ നല്‍കിയ ഇളവുകള്‍ കുറയ്ക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.
ഇളവുകള്‍ നല്‍കിയാല്‍ ലോക്ഡൗണ്‍ ഫലപ്രദമായി നടപ്പാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കാനും നിര്‍മ്മാണ മേഖലയ്ക്ക് നല്‍കിയ അനുമതിയുമെല്ലാം അപ്രായോഗികമാണെന്നാണ് പൊലീസ് പറയുന്നത്. നിര്‍മ്മാണ മേഖലയില്‍ തൊഴിലാളികള്‍ താമസിക്കുന്നുണ്ടെങ്കില്‍ ജോലി തുടരാം. യാത്ര അനുവദിക്കുക അപ്രായോഗികമാണെന്ന് പൊലീസ് പറയുന്നു. ഇളവുകള്‍ വീണ്ടും നിരത്തില്‍ സംഘര്‍ഷമുണ്ടാക്കുമെന്നും പൊലീസ് വിലയിരുത്തുന്നു.
അവശ്യവസ്തുക്കളും മരുന്നും വാങ്ങാന്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. കൊവിഡ് വാക്സിനേഷനു വേണ്ടിയും സ്വന്തം വാഹനങ്ങളില്‍ പോവാമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്സി ഇവ ഉപയോഗിക്കാം. വിമാനത്താവളങ്ങളിലും റെയില്‍വേ സ്റ്റേഷനുകളിലും ഓട്ടോയും ടാക്സിയും ലഭിക്കും. അതേസമയം യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ടോയെന്ന കാര്യം ഇന്നു വ്യക്തമാക്കും. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല. മെട്രോ ട്രെയിനും സര്‍വീസ് നടത്തില്ല.
അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. ചരക്കുവാഹനങ്ങള്‍ തടയില്ല.
ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം. എന്നാല്‍ എല്ലാ കടകളും പരമാവധി ഹോം ഡെലിവറി രീതി പിന്തുടരണമെന്നും ഇതിനു തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ബാങ്കുകള്‍, ഇന്‍ഷുറന്‍സ്, ധനകാര്യ സ്ഥാപനങ്ങള്‍ ഒരു മണിവരെ പ്രവര്‍ത്തിക്കാം. ഹോംനഴ്സ്, പാലിയേറ്റിവ് പ്രവര്‍ത്തകര്‍ക്ക് ജോലിക്കു പോവാം.