കോഴിക്കോട്: തൊണ്ണൂറ്റിയൊന്‍പതാം ജന്മദിനം ആഘോഷിക്കുന്ന മുന്‍ മുഖ്യമന്ത്രിയും സി.പി.ഐ.എമ്മിന്റെ മുതിര്‍ന്ന നേതാവുമായ വി.എസ്. അച്യുതാന്ദന് ജന്മദിനാശംസകള്‍ നേര്‍ന്ന് കവി റഫീഖ് അഹമ്മദ്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയായിരുന്നു റഫീഖ് അഹമ്മദിന്റെ പ്രതകരണം.
വി.എസ്. ഒരു പ്രതീതിയായിരുന്നെന്നും അദ്ദേഹം നീതിയെക്കുറിച്ചുള്ള സാധാരക്കാരന്റെ ഇച്ഛകളുടെ ഒരു ആള്‍രൂപമായിരുന്നുവെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.
‘നമ്മുടെയൊക്കെ ഉള്ളില്‍, പ്രായോഗിക രാഷ്ട്രിയത്തിലെ അന്തര്‍ധാരകള്‍, അടവുനയങ്ങള്‍, ഉള്‍പ്പിരിവുകള്‍, മലക്കം മറിച്ചിലുകള്‍, ഇവയെക്കുറിച്ചൊക്കെ കൃത്യമായ ധാരണ വേണ്ടത്ര ഇല്ലാത്ത ഒരാള്‍ ഉണ്ടാവും അയാള്‍ നിത്യവും പത്രവാര്‍ത്തകള്‍ കണ്ട് വിഷാദ രോഗത്തിലേക്ക് പോകുന്നയാളാണ്.
താന്‍ വിശ്വസിച്ചുപോന്നതിന്റെ യെല്ലാം അസ്ഥിവാരം തകര്‍ന്നു കാണുന്നതില്‍ വ്യസനിക്കുന്നവനാണ്. മനുഷ്യരിലുള്ള വിശ്വാസം അനുദിനം കുറയുന്നവനാണ്. എന്താണിങ്ങനെ എന്ന ഒരു വല്ലാത്ത ഉത്കണ്ഠയ്ക്കു മുകളില്‍ ഇരിക്കുന്ന അയാള്‍ക്ക് ലോകം കൂടുതല്‍ കൂടുതല്‍ അപരിചിതമാവും.
അന്നേരം അയാള്‍ ഇതിലെ വി.എസ്. നിവര്‍ന്നനടന്നിരുന്ന ഒരു കാലം ഓര്‍ക്കും. ഒരു എഴുത്തുകാരന്‍ സന്ദേഹിച്ചതു പോലെ ധാര്‍മികതയും നീതിബോധവും വി.എസില്‍ സഹജമായിരുന്നോ അതോ വിഭാഗീയ അധികാര മത്സരക്കാലത്ത് എടുത്തണിഞ്ഞ മുഖം മാത്രമായിരുന്നോ?
എന്തോ ആവട്ടെ. വി.എസ്. ഒരു പ്രതീതിയായിരുന്നു. അദ്ദേഹം നീതിയെക്കുറിച്ചുള്ള സാധാരക്കാരന്റെ ഇച്ഛകളുടെ ഒരു ആള്‍രൂപമായിരുന്നു. തിരിച്ചറിയാനാവാത്ത വിധം രൂപം മാറിയ, അന്യമായിത്തീര്‍ന്ന വര്‍ത്തമാന രാഷ്ട്രീയത്തിന്റെ തെരുവോരത്തുനിന്നു കൊണ്ട് അയാള്‍ ഒരു നൂറ്റാണ്ട് തികയ്ക്കുന്ന സമത്വ സ്വപ്നങ്ങളുടെ വിപ്ലവ ഗൃഹാതുരതയ്ക്ക് നേരെ അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. ലാല്‍ സലാം!,’ റഫീഖ് അഹമ്മദ് എഴുതിയത്.
അതേസമയം, ആഘോഷങ്ങളില്ലാതെ 99ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി.എ. അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ നൂറാം വയസിലേക്ക് കടക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ.എം നേതാക്കള്‍ വി.എസിന് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20നായിരുന്നു വി.എസിന്റെ ജനനം.