ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ്; കേസ് അവസാനിപ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവിറക്കും
ന്യൂദല്‍ഹി: ബി.ജെ.പി മുന്‍ എം.പി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രായപൂര്‍ത്തിയാവാത്ത ഗുസ്തി താരം നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ കേസ് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നല്‍കിയ ക്ലോഷര്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് സംബന്ധിച്ച് ഉത്തരവിറക്കുമെന്ന് ദല്‍ഹി കോടതി. പൊലീസിന്റെ ക്ലോഷര്‍ റിപ്പോര്‍ട്ട് സ്വീകരിക്കണമോ വേണ്ടയോ എന്നതില്‍ നവംബര്‍ 30ന് ഉത്തരവിറക്കുമെന്നാണ് ദല്‍ഹി കോടതി അറിയിച്ചത്.
വെള്ളിയാഴ്ച(27.09.24)ന് ഉത്തരവിറക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഛവി കപൂര്‍ ഉത്തരവ് തയ്യാറായിട്ടില്ലെന്ന് പറയുകയായിരുന്നു.
അന്വേഷണത്തില്‍ താന്‍ തൃപ്തനാണെന്നും സമര്‍പ്പിച്ച ക്ലോഷര്‍ റിപ്പോര്‍ട്ടിന് എതിരല്ലെന്നും നേരത്തെ നടന്ന ഇന്-ചേംബര്‍ നടപടിക്രമത്തില്‍ ഗുസ്തി താരം അറിയിച്ചിരുന്നു.
പെണ്‍കുട്ടിയെ മത്സരത്തിന് പരിഗണിക്കാത്തതിനെ തുടര്‍ന്നുള്ള പ്രതികാരമായാണ് ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയതെന്ന പെണ്‍കുട്ടിയുടെ പിതാവിന്റെ ആരോപണത്തെ തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പോക്‌സോ ചുമത്തിയത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് പുറമെ ആറ് വനിതാ ഗുസ്തിതാരങ്ങള്‍ നല്‍കിയ കേസും നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ലൈംഗിക പീഡനത്തിനും കേസെടുത്തിരുന്നു.
എന്നാല്‍ ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ പോക്‌സോ കേസ് നിലനില്‍ക്കില്ലെന്നും കൃത്യമായ തെളിവുകളില്ലെന്നും കാണിച്ച് പൊലീസ് കോടതിയില്‍ ശുപാര്‍ശ നല്‍കിയിരുന്നു.
അതേസമയം ക്ലോഷര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിലും തുടരന്വേഷണത്തിന് നിര്‍ദേശിക്കുന്നതിലും വ്യക്തത വരുത്തുമെന്നും കോടതി ചൂണ്ടിക്കാട്ടി.
നിരവധി ലൈംഗികാതിക്രമ പരാതികള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ബ്രിജ്ഭൂഷണ്‍ പരാതിളെല്ലാം നിഷേധിക്കുകയായിരുന്നു.
Content Highlight: POCSO case against brij bhushan sing; the court will issue an order regarding consideration of the report closing the case
VIDEO