തിരുവനന്തപുരം: മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. കുട്ടികളെ കുത്തി നിറച്ച് പഠിപ്പിക്കാന്‍ സാധിക്കുമോ എന്ന് അദ്ദേഹം മാധ്യമങ്ങളോട് ചോദിച്ചു. മലബാറിലെ കുട്ടികള്‍ പഠിക്കണ്ട എന്ന തീരുമാനമാണോ സര്‍ക്കാരിനുള്ളതെന്നും പി.എം.എ സലാം ചോദിച്ചു.
’65ഉം 70ഉം കുട്ടികളെ കുത്തിനിറച്ച് എങ്ങനെ ക്ലാസ് നടത്തും. ഈ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാന്‍ കഴിയും. ഓരോ കുട്ടിയുടെ തുടര്‍ച്ചയായ വിലയിരുത്തലല്ലേ ഇപ്പോള്‍ നടക്കുന്നത്. 70 കുട്ടികളെ ഒരു ക്ലാസില്‍ വെച്ച് കൊണ്ട് അതെങ്ങനെ നടത്താന്‍ കഴിയും.
എങ്ങനെയെങ്കിലും ക്ലാസില്‍ അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് പോലും പഠനം ഭംഗിയായി കൃത്യമായി നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥ മലബാറിലുണ്ട്. മലബാറിലെ കുട്ടികള്‍ പഠിക്കണ്ട എന്ന തീരുമാനം ഈ സര്‍ക്കാറിനുണ്ടോ? മലബാറിലെ കുട്ടികള്‍ക്ക് വിവരം ഉണ്ടായാല്‍ സര്‍ക്കാറിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന തോന്നല്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അത് തുറന്ന് പറയണം.
ഇത് മലബാറിലെ മാത്രം പ്രശ്‌നമല്ല, കേരളത്തിലെ മൊത്തം വിദ്യാര്‍ത്ഥികളുടെ പ്രശ്‌നമായി കണ്ട് കൊണ്ട് കേരള ജനത ഒന്നടങ്കം ഈ അനീതിക്കെതിരെ, ഈ ഗുരുതരമായ സാഹചര്യത്തെ നേരിടാന്‍ തയ്യാറാകണമെന്നാണ് മുസ്‌ലിം ലീഗിന്റെ അഭിപ്രായം,’ സലാം പറഞ്ഞു.
വിജയ ശതമാനം കൂടുന്നത് സര്‍ക്കാരിനെ കൊണ്ടാണെന്ന് പറയും. പഠിക്കാന്‍ അവസരം നിഷേധിക്കുമ്പോഴോ? അതിനുത്തരവാദിത്തം ആര്‍ക്കാണ്? അടിയന്തരമായി കെ റെയിലും കെ ഫോണും മാറ്റി വെച്ച് കുട്ടികളുടെ പ്രാഥമികാവശ്യത്തിന് വേണ്ടി സര്‍ക്കാര്‍ ഇടപെടണം. കേരള ജനതയ്ക്ക് എ.ഐ ക്യമറകളേക്കാള്‍ കൂടുതല്‍ ഗുണം കിട്ടുന്ന കാര്യമാണിത്,’ അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിനായി ഓരോ ജില്ലയിലും ആവശ്യത്തിനനുസരിച്ച് സീറ്റ് വര്‍ധിപ്പിച്ച് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പാലക്കാട് മുതല്‍ കാസര്‍കോടു വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കാവും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.