റായ്ബറേലി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് ബാബരി പൂട്ട് ഇടുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന തികഞ്ഞ അസംബന്ധമാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തിലെ കലാസാഹയില്‍ സംഘടിപ്പിച്ച ‘ന്യായ് സങ്കല്‍പ് സഭ’യെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍.
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവന്ന് ബാബരി ലോക്ക് സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ 400 സീറ്റുകള്‍ നേടണമെന്നാണ് തന്റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി മോദി അടുത്തിടെ മധ്യപ്രദേശിലെ ഒരു റാലിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പി നേതാക്കള്‍ അവരുടെ മനസ്സില്‍ തോന്നുന്നതെല്ലാം പറയുകയും ജനങ്ങളുടെ ശ്രദ്ധ യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് വ്യതിചലിപ്പിക്കുകയാണെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി നുണ പറഞ്ഞു കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസിനെ കുറിച്ചും അതിന്റെ പ്രകടന പത്രികയെ കുറിച്ചും ഒന്നും അറിയാതെയാണ് അദ്ദേഹം നിരന്തരം പലതും പറഞ്ഞു കൊണ്ടിരിക്കുന്നത്. കോടതി വിധിയെ മാനിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അത് എല്ലാ കാലത്തും അങ്ങനെ തന്നെയാണ്. ചുരുങ്ങിയ പക്ഷം അദ്ദേഹം കോണ്‍ഗ്രസിന്റെ മാനിഫെസ്റ്റോ വായിച്ചു നോക്കുകയെങ്കിലും ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു.
കോണ്‍ഗ്രസിന് അംബാനിയും അദാനിയുമായി അവിഹിത ബന്ധമുണ്ടെന്ന് മോദി ആരോപിച്ചിരുന്നു. രണ്ട് വ്യവസായികളില്‍ നിന്നും പാര്‍ട്ടിക്ക് കള്ളപ്പണം ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു രാഹുല്‍ ഗാന്ധിയോട് മോദി ചോദിച്ചത്. എന്നാല്‍ രാഹുല്‍ നിരന്തരം ഉയര്‍ത്തുന്ന ചോദ്യങ്ങളിലുള്ള ബി.ജെ.പിയുടെ ഭയമാണ് മോദിയുടെ ഇത്തരത്തിലുള്ള നുണപ്രചാരങ്ങള്‍ക്ക് കാരണം എന്ന് പ്രിയങ്ക പറഞ്ഞു. മോദി സര്‍ക്കാരിന്റെ എല്ലാ നയങ്ങളും വന്‍കിട കോടീശ്വരന്മാര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പ്രിയങ്ക ആരോപിച്ചു.