ന്യൂദല്‍ഹി: ആധുനിക വൈദ്യശാസ്ത്രത്തിനും വാക്‌സിനേഷനുമെതിരെ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ നടത്തിയ ബാബാ രാംദേവിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് ബിഹാര്‍ സ്വദേശി. ഗ്യാന്‍ പ്രകാശ് എന്നയാളാണ് ബാബാ രാംദേവിനെതിരെ ബിഹാര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്.
രാംദേവിന്റെ പരാമര്‍ശങ്ങള്‍ വഞ്ചനാപരമാണെന്നും ദുരന്ത നിവാരണ നിയമത്തിന് പുറമെ രാജ്യദ്രോഹക്കുറ്റവും വഞ്ചനാക്കുറ്റവും ചുമത്തണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ജൂണ്‍ ഏഴിന് പരാതിയില്‍ കോടതി വാദം കേള്‍ക്കും.
പല ഉന്നത രാഷ്ട്രീയക്കാര്‍ക്കും ബോളിവുഡ് താരങ്ങള്‍ക്കുമെതിരെ ഹരജികള്‍ നല്‍കിയതില്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയ വ്യക്തിയാണ് ഗ്യാന്‍ പ്രകാശ്.
ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണ് എന്നായിരുന്നു രാംദേവ് നേരത്തെ പറഞ്ഞത്. അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ബാബാ രാംദേവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ പരാതി നല്‍കുകയും ചെയ്തിരുന്നു. ഐ.എം.എയും ബാബ രാംദേവിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പരാമര്‍ശം നടത്തിയിരുന്നെന്നും എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമ്പോള്‍ രാംദേവും അദ്ദേഹത്തിന്റെ സഹായിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാറുണ്ടെന്നും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വ്യാജ മരുന്നുകള്‍ വില്‍പന നടത്താനാണ് രാംദേവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഐ.എം.എ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ പ്രസ്താവന പിന്‍വലിക്കണമെന്ന് കേന്ദ്ര മന്ത്രി തന്നെ ബാബാ രാംദേവിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് പരാമര്‍ശം പിന്‍വലിക്കുകയാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.