മണിരത്‌നം ചിത്രത്തിലെ ഗാനത്തിനെതിരെ കോപ്പിയടി ആരോപണം. എ.ആര്‍. റഹ്‌മാന്റെ സംഗീത സംവിധാനത്തിലൊരുങ്ങിയ വീര രാജ വീര എന്ന ഗാനത്തിനെതിരെ ധ്രുപദ് ഗായകന്‍ ഉസ്താദ് വാസിഫുദ്ദീന്‍ ദാഗറാണ് കോപ്പിയടി ആരോപണവുമായി എത്തിയത്.
തന്റെ അച്ഛനും അമ്മാവനും (ദാഗര്‍ ബ്രദേഴ്‌സ്) ചേര്‍ന്ന് പാടിയ ശിവസ്തുതി അതേ താണ്ഡവ ശൈലിയില്‍ പൊന്നിയിന്‍ സെല്‍വനിലെ ഗാനത്തിലും പാടിയെന്നാണ് വാസിഫുദ്ദീന്‍ ഗാദര്‍ ആരോപിച്ചതായി ദി ഇന്ത്യന്‍ എക്‌സ്‌പ്രെസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇക്കാര്യം ഉന്നയിച്ച് പി.എസ്. ടുവിന്റെ നിര്‍മാണ കമ്പനികളിലൊന്നായ മദ്രാസ് ടാക്കീസിന് വാസിഫുദ്ദീന്‍ വക്കീല്‍ നോട്ടീസും അയച്ചിരുന്നു.
അദാന രാഗത്തിലുള്ള കംപോസിഷന്‍ ചെയ്തത് തന്റെ അമ്മാവനായ ഉസ്താദ് സഹീറുദ്ദീന്‍ ദാഗറാണെന്നും ഇത് തന്റെ പിതാവായ ഉസ്താദ് ഫയാസുദ്ദീന്‍ ദാഗറുമൊത്ത് വര്‍ഷങ്ങളോളം പാടിയതാണെന്നും വാസിദുദ്ദീന്‍ പറഞ്ഞു.
‘മദ്രാസ് ടാക്കീസും എ.ആര്‍. റഹ്‌മാനും ഞങ്ങളുടെ കുടുംബത്തോട് അനുവാദം ചോദിക്കുകയാണെങ്കില്‍ ഞാന്‍ ഒരിക്കലും വേണ്ടെന്ന് പറയില്ലായിരുന്നു. എന്നാല്‍ വാണിജ്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഇങ്ങനെ ചെയ്യുന്നത് വലിയ പ്രശ്‌നമാണ്. കംപോസിഷന്‍ ശിവസ്തുതിയില്‍ നിന്നും എടുത്ത് അതേ താണ്ഡവ ശൈലിയില്‍ പാടിയിരിക്കുകയാണ്. ഓരോ ഭാഗത്തിന്റെയും ക്രമീകരണത്തില്‍ മാത്രമാണ് വ്യത്യാസമുള്ളത്,’ റഹ്‌മാനയച്ച കത്തില്‍ വാസിദുദ്ദീന്‍ പറഞ്ഞു.
എന്നാല്‍ വാസിദുദ്ദീന്റെ ആരോപണം മദ്രാസ് ടാക്കീസ് നിഷേധിച്ചു. കോപ്പിയടി ആരോപണം തെറ്റാണെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മദ്രാസ് ടാക്കീസിനോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 13ാം നൂറ്റാണ്ടില്‍ നാരായണ പണ്ഡിതാചാര്യന്‍ ചെയ്ത കംപോസിഷനാണ് ഇതെന്നും അവര്‍ പറഞ്ഞു. ആലാപന ശൈലിയില്‍ ആര്‍ക്കും കുത്തക അവകാശപ്പെടാന്‍ കഴിയില്ലെന്നും മദ്രാസ് ടാക്കീസ് വാസിദുദ്ദീന് അയച്ച കത്തില്‍ പറഞ്ഞു.
Content Highlight: plagiarizm against song from Ponniyin Selvan; Singer sends lawyer notice to Madras Talkies