കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിനെ സാക്ഷിയായി വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയും അറസ്റ്റിന്റെ സമയത്തില്‍ മായം ചേര്‍ത്ത് കോടതിയെപോലും കബളിപ്പിച്ച് സര്‍ക്കാര്‍ നടത്തിയ നാടകം അത്യധികം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പ്രതിഷേധിക്കാനുള്ള അവകാശം സംശുദ്ധമായ ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്ന് കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിലെഴുതിയെ കുറിപ്പില്‍ പറഞ്ഞു.
പ്രതിഷേധങ്ങളെ വധശ്രമമായും ഭീകരതയായും ചിത്രീകരിച്ച് യുവനേതാക്കളെ തിരഞ്ഞുപിടിച്ചു ജയിലിലടച്ച് ഒതുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയം നമ്മുടെ ഉന്നതമായ പൗരബോധത്തിന് നേര്‍ക്കുള്ള യുദ്ധ പ്രഖ്യാപനമാണ്. കേന്ദ്രത്തില്‍ ഇത്തരത്തിലുള്ള അസഹിഷ്ണുത രാഷ്ട്രീയത്തിനെതിരില്‍ മുഴുവന്‍ ജനാധിപത്യ കക്ഷികളും ഒരുമിച്ച് നിന്ന് പോരാടുന്ന ഈ സന്ദര്‍ഭത്തില്‍ കേരളത്തില്‍ അതേ രാഷ്ട്രീയം സി.പി.ഐ.എം സ്വീകരിക്കുന്നത് ഒട്ടും നീതീകരിക്കാനാവില്ല. ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഇല്ലാതെയാക്കി ഏകാധിപത്യം സ്ഥാപിക്കാന്‍ വേണ്ടി നടത്തുന്ന ഏത് ശ്രമങ്ങളും നമ്മള്‍ ചെറുത്ത് തോല്‍പ്പിച്ചേ മതിയാവുയെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചപ്പോഴാണ് 15 മിനിട്ട് മുന്‍പേ അറസ്റ്റ് ചെയ്തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. ചോദ്യം ചെയ്യുന്നതിന് മുന്‍പേ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ സര്‍ക്കാര്‍ കോടതിയെയും കബളിപ്പിച്ചു.
പൊലീസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴിയിലൂടെയാണ് സര്‍ക്കാര്‍ പോകുന്നത്. ഇത് ശരിയായ കീഴ് വഴക്കമല്ല.
നിര്‍ത്തിയിട്ടിരുന്ന വിമാനത്തില്‍ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയത്. അവരുടെ കയ്യില്‍ ആയുധം ഇല്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നും ജാമ്യ ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും അതേ കേസിലാണ് മുന്‍ എം.എല്‍.എ കൂടിയായ ശബരിനാഥിനെയും അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ വൈര്യനിര്യാതന ബുദ്ധിയോടെ പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയമായും നിയമപരമായും കോണ്‍ഗ്രസ് ശബരിനാഥിനെ സംരക്ഷിക്കുമെന്നും സതീശന്‍ പറഞ്ഞു.
ശബരീനാഥിന്റെ അറസ്റ്റ് നാണംകെട്ട സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടെയും ഭീരുത്വമെന്നാണ് ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി രാവിലെ ശബരിനാഥ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായിരുന്നു. ഇതിന് മുമ്പ് അദ്ദേഹം തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യം തേടുകയും ചെയ്തിരുന്നു. ഈ ജാമ്യ ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ അഭിഭാഷകനാണ് അറസ്റ്റ് ചെയ്ത വിവരം കോടതിയെ അറിയിച്ചത്.
കോടതിയെ തെറ്റിദ്ധരിപ്പിച്ച് വ്യാജ രേഖ ചമച്ചാണ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും ഇതിലും ഭേദം പൊലീസ് ഈ പണി നിര്‍ത്തി സി.പി.ഐ.എമ്മിന്റെ പോഷക സംഘടനകളില്‍ വല്ലതിലും ചേര്‍ന്ന് പിണറായി വിജയന് വിടുപണി ചെയ്യുന്നതാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.