കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പി.ജെ. വിന്‍സെന്റ് അവധിയിലേക്ക്. നേരത്തെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.
എന്നാല്‍ പി.ജെ. വിന്‍സെന്റ് അവധിയില്‍ പ്രവേശിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ മാസം 28 മുതല്‍ എട്ട് ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിക്കുക.
മൂന്നാം വര്‍ഷ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്റ് ബ്രയോഫൈറ്റസ് ചോദ്യ പേപ്പറുകളാണ് ആവര്‍ത്തിച്ചിരുന്നത്. 2020ല്‍ നടത്തിയ പരീക്ഷയില്‍ നിന്നുള്ള 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് പരാതിയുയര്‍ന്നത്. ഏപ്രില്‍ 21നായിരുന്നു പരീക്ഷ നടന്നത്.
സമാനമായ സാഹചര്യം ഉണ്ടായതിനെ തുടര്‍ന്ന് സൈക്കോളജി ബിരുദ കോഴ്സിന്റെ മൂന്നാം സെമസ്റ്ററിലെ പരീക്ഷകള്‍ റദ്ദാക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. നവംബര്‍ 2021 സെഷന്‍ സൈക്കോളജി ബിരുദം മൂന്നാം സെമസ്റ്ററിന്റെ ഏപ്രില്‍ 21, 22 തീയതികളില്‍ നടന്ന പരീക്ഷകളാണ് റദ്ദാക്കിയത്. കഴിഞ്ഞ വര്‍ഷം നല്‍കിയ അതേ ചോദ്യ പേപ്പറായിരുന്നു ഇരു പരീക്ഷകള്‍ക്കും നല്‍കിയത്.
സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് പരീക്ഷകള്‍ റദ്ദാക്കിയത്. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സര്‍വകലാശാല ചാന്‍സലറോട് വിശദീകരണം തേടിയിരുന്നു. കണ്ണൂര്‍- കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോടാണ് ഇ മെയില്‍ മുഖേന വിശദീകരണം തേടിയത്.