ഇതിലും വലിയ ഓഫര്‍ വന്നപ്പോള്‍ പോയിട്ടില്ല, പിന്നെയാ ഇപ്പോള്‍: ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് പി.ജെ കുര്യന്‍
Kerala News
ഇതിലും വലിയ ഓഫര്‍ വന്നപ്പോള്‍ പോയിട്ടില്ല, പിന്നെയാ ഇപ്പോള്‍: ബി.ജെ.പിയില്‍ ചേരുമെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് പി.ജെ കുര്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd March 2019, 11:51 am

തിരുവനന്തപുരം: താന്‍ ബി.ജെ.പിക്കൊപ്പം ചേരുമെന്ന വാര്‍ത്ത നിഷേധിച്ച് പി.ജെ കുര്യന്‍. ബി.ജെ.പിയിലേക്കെന്ന് പ്രചരിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പി.ജെ കുര്യന്‍ പറഞ്ഞു.

രാജ്യസഭാ ഉപാധ്യക്ഷന്‍ ആയിരുന്നപ്പോള്‍ ഇതിലും വലിയ ഓഫര്‍ സര്‍ക്കാരില്‍ നിന്ന് വന്നതാണ്. അന്ന് അത് സ്വീകരിക്കാത്ത താന്‍ ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കുക പോലുമില്ലെന്നും കുര്യന്‍ പറഞ്ഞു.

തനിക്ക് താത്പര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസില്‍ തന്നെ സ്ഥാനാര്‍ത്ഥിയാകാമായിരുന്നു. ആന്റോയ്ക്ക് ഇടുക്കി നല്‍കി എനിക്ക് പത്തനംതിട്ട വാങ്ങാമായിരുന്നു. എന്നാല്‍ അതിനൊന്നും ഞാന്‍ മുതിര്‍ന്നിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വം തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്ന് പറഞ്ഞ് സമീപിച്ചതാണ്. താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു.


‘ഇനി ബി.ജെ.പിയുമായി ഒരു ബന്ധവുമില്ല’; ശശി തരൂരിന് നന്ദി പറയാന്‍ ശ്രീശാന്തെത്തി; വിജയാശംസ നേര്‍ന്ന് മടക്കം


ഇത്തരം കള്ളപ്രചരണങ്ങള്‍ നടത്തുന്നത് ആരാണെന്ന് കണ്ടെത്തണം. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നത് മര്യാദകേടാണ്. തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് തന്നെ കുറിച്ച് വാര്‍ത്തകള്‍ എഴുതുന്നത്.

കോണ്‍ഗ്രസിലെ ചില സുഹൃത്തുക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. എനിക്ക് ബി.ജെ.പി നേതാക്കളുമായി സൗഹൃദമുണ്ട്. അതിനര്‍ത്ഥം അവരുടെ സ്ഥാനാര്‍ത്ഥിയാകുമെന്നാണോ? ഈ നിമിഷം വരെ ബി.ജെ.പിയില്‍ നിന്ന് സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരാളും സമീപിച്ചിട്ടില്ലെന്നും കുര്യന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.