തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘപരിവാര്‍ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൃഥ്വിരാജ് പ്രകടിപ്പിച്ചത് നമ്മുടെ സമൂഹത്തിന്റെ വികാരമാണെന്ന് പിണറായി പറഞ്ഞു. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
‘പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരമാണ്. കേരളത്തില്‍ ജീവിക്കുന്ന ഏതൊരാള്‍ക്കുമുള്ള വികാരമാണ് അദ്ദേഹത്തിന്റേതും. ഇത്തരം പ്രതികരണങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുന്ന നിലപാടാണ് സംഘപരിവാര്‍ എന്നും സ്വീകരിച്ചുപോരുന്നത്. അതിപ്പോള്‍ പൃഥ്വിരാജിന് നേരെയും കാണിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ സംഘപരിവാറിനോടുള്ള വിയോജിപ്പ് തുടരുക തന്നെ ചെയ്യും. ഇതുപോലുള്ള വിഷയങ്ങളില്‍ പൃഥ്വിരാജിനെപ്പോലെ പ്രതികരിക്കാന്‍ സമൂഹം മുന്നോട്ടുവരണം എന്നേ പറയാനുള്ളു,’ പിണറായി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നടന്‍ പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ചത്. ഇതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടി.വിയില്‍ പൃഥ്വിയെയും കുടുംബത്തിനെയും അധിക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.
സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നും രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചുചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നുമായിരുന്നു ജനം ടി.വിയുടെ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറഞ്ഞത്.