ന്യൂദല്‍ഹി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തിളക്കമാര്‍ന്ന സാധ്യകളാണ് എല്‍.ഡി.എഫിന് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ തങ്ങളോടൊപ്പമുണ്ടെന്നും മുഖ്യമന്ത്രി ആരാകണമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദി ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ഇപ്പോൾ സി.പി.ഐ.എമ്മിന് നല്ല ഊര്‍ജമാണ് ഉള്ളതെന്നും പശ്ചിമ ബംഗാളില്‍ ഇടത് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയിലെ വിവിധ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ചില കാലയളവില്‍ കേരളത്തിന് അര്‍ഹമായ വികസനം നേടാന്‍ കഴിഞ്ഞിട്ടില്ല. നമുക്ക് ആവശ്യമായ നിക്ഷേപം ലഭിക്കാത്തത്തിനാല്‍ വ്യാവസായികമായ വികസനത്തില്‍ കേരളം മുന്നിലായിരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 2016ല്‍ സ്വകാര്യ മൂലധനം ആകര്‍ഷിക്കുന്നതിനായി തങ്ങള്‍ പ്രത്യേക ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യാവസായിക വികസനത്തിന് തടസമാകുന്ന ചില നിയമങ്ങളും ചട്ടങ്ങളും ഉണ്ടെന്ന് അതിനിടെ മനസിലാക്കി. നിക്ഷേപകരുമായി സംസാരിച്ചു, പരസ്പരം പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
നോക്കുകൂലി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവസാനിപ്പിച്ചതോടെ കേരളം വലിയ കുതിച്ചുചാട്ടമാണ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഇടത് സര്‍ക്കാര്‍ തീരുമാനങ്ങളെടുത്തിട്ടുള്ളത്. 1957ല്‍ കേരളത്തില്‍ ഇന്ത്യയിലെ ആദ്യത്തെ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍, സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ബിര്‍ളയില്‍ പ്രേരണയുണ്ടാക്കി. അതിന്റെ അര്‍ത്ഥമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
സംസ്ഥാനത്ത് സര്‍ക്കാരിന് മാത്രം നിക്ഷേപം നടത്താന്‍ സാധിക്കില്ല. ധാരാളം സ്വകാര്യ നിക്ഷേപങ്ങളുടെ ആവശ്യകതയുണ്ട്. അതിനുള്ള ശ്രമങ്ങളാണ് തങ്ങള്‍ നടത്തുന്നത്. എന്നാല്‍ അത് തങ്ങളുടെ പാര്‍ട്ടിയുടെ തത്വശാസ്ത്രത്തിന് വിരുദ്ധമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ വ്യവസായരംഗത്തെ വികസനം സംബന്ധിച്ച് വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കേരളം വ്യവസായ സൗഹൃദമാണെന്ന് ഭരണപക്ഷം പറയുമ്പോള്‍ പ്രതിപക്ഷത്തിന്റെ അഭിപ്രായം നേരെ മറിച്ചാണ്.
വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി സംസാരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ എം.പിയെ തഴയുന്ന പ്രതിപക്ഷവും തുടര്‍ച്ചയായി യു.ഡി.എഫ് നേതൃത്വത്തെ വെട്ടിലാക്കികൊണ്ടുള്ള തരൂരിന്റെ പ്രതികരണങ്ങളുമാണ് നിലവില്‍ കേരളത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
Content Highlight: Pinarayi Vijayan said that LDF has bright prospects in Kerala in the upcoming elections