വാളയാറില്‍ ഒമ്പത് വയസ്സുകാരിയുടേത് ആത്മഹത്യ; പൊലീസ് വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും
Valayar Case
വാളയാറില്‍ ഒമ്പത് വയസ്സുകാരിയുടേത് ആത്മഹത്യ; പൊലീസ് വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 2:22 pm

തിരുവനന്തപുരം: വിവാദം കത്തിനില്‍ക്കേ വാളയാര്‍ കേസില്‍ ഒമ്പതു വയസ്സുകാരി ആത്മഹത്യ ചെയ്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും. സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന പ്രതിപക്ഷ ആരോപണത്തിനു മറുപടി പറയവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

എഴുതിത്തയ്യാറാക്കായ ഭാഗം നിയമസഭയില്‍ അദ്ദേഹം വായിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ-

‘ഒമ്പതു വയസ്സുള്ള ഇളയ കുട്ടി ആത്മഹത്യ ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലേക്ക് അട്ടപ്പള്ളം സ്വദേശി വലിയ മധു, പ്രദീപ് കുമാര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നീ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തു നിയമനടപടികള്‍ സ്വീകരിച്ചിരുന്നു.’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം 13 വയസ്സുകാരിയുടെ അസ്വാഭാവിക മരണമെന്നാണ് അദ്ദേഹം പറഞ്ഞത്. ആത്മഹത്യയെന്ന പൊലീസ് വാദത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുമ്പോഴാണ് ആ വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രിയും രംഗത്തെത്തിയിരിക്കുന്നത്.

‘പ്രതികള്‍ വ്യത്യസ്ത കാലയാളവില്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ വെളിവായതിന്റെ അടിസ്ഥാനത്തില്‍ ഓരോ പ്രതിക്കെതിരെയും പ്രത്യേകം പ്രത്യേകം കുറ്റപത്രങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

പ്രായപൂര്‍ത്തിയാവാത്ത ആള്‍ക്കെതിരായ കുറ്റപത്രം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെയാണ് ഹാജരാക്കിയത്. ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെതിരെയുള്ള കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി 30-9-2019 ല്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ട് കൊണ്ട് പാലക്കാട് ഫസ്റ്റ് അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

മറ്റ് പ്രതികളായ വലിയ മധു, ചെറിയ മധു എന്നിവര്‍ക്കെതിരെയുള്ള വിചാരണ പൂര്‍ത്തിയാക്കി 25-10-19 ന് പ്രതികളെ വെറുതെവിട്ടുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ സര്‍ക്കാരിന്റെ കാലയളവില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളിലും പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളിലും ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്.

കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് 8836 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

വാളയാര്‍ കേസില്‍ പുനരന്വേഷണമോ സി.ബി.ഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്നും കേസില്‍ മനുഷ്യത്വപരമായ സമീപനമുണ്ടാകും.’- അദ്ദേഹം പറഞ്ഞു. പാലക്കാട് എം.എല്‍.എ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.