കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നതെന്നും തീര്‍ത്തും വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ശരിയല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനവുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പിട്ടത്. അവര്‍ എവിടെ നിന്ന് വൈദ്യുതി വാങ്ങുന്നു എന്ന് കെ.എസ്.ഇ.ബിക്ക് നോക്കേണ്ടതില്ല എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പച്ച നുണയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത്. രേഖകള്‍ പുറത്ത് വിടും എന്ന് പറയാതെ ചെന്നിത്തല അതൊക്കെ പുറത്ത് വിടട്ടെ. താന്‍ പറഞ്ഞ നുണ ബോംബുകളില്‍ ഒന്നാണിതെന്നും പിണറായി വിജയന്‍ പറഞ്ഞു.
വൈദ്യുതി വാങ്ങിയത് പൊതുമേഖലയില്‍ നിന്നാണ്. സോളാര്‍ എനര്‍ജി കോര്‍പ്പേറഷനുമായാണ് കെ.എസ്.ഇ.ബി കരാര്‍ ഒപ്പുവെച്ചത്. ഇത് കേന്ദ്രം അംഗീകരിച്ച സ്ഥാപനമാണ്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ പലരില്‍ നിന്നും വൈദ്യുതി വാങ്ങുന്നുണ്ടാകും. അദാനിയുമായി കെ.എസ്.ഇബി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. എന്തും പറയാം എന്ന അവസ്ഥ എത്തിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിച്ചത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുതി കരാറിലെ അഴിമതി ആരോപണം ആവര്‍ത്തിച്ച് രമേശ് ചെന്നിത്തല ഇന്നും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. 15.02.21ല്‍ ചേര്‍ന്ന യോഗത്തില്‍ കരാര്‍ സംബന്ധിച്ച് തീരുമാനം എടുത്തിട്ടുണ്ട്. വിശദവിവരങ്ങള്‍ പിന്നീട് പുറത്ത് വിടും എന്നാണ് ചെന്നിത്തല ഇന്ന് പറഞ്ഞത്.
വൈദ്യുതി മന്ത്രിക്ക് കരാറിനെ കുറിച്ച് ഒന്നും അറിയില്ല. അതുകൊണ്ട് അദ്ദേഹത്തെ കുറിച്ച് ഒന്നും പറയുന്നില്ല. എം.എം മണിക്ക് ഒന്നുമറിയില്ല, എല്ലാം മുഖ്യമന്ത്രി നേരിട്ട് നടപ്പിലാക്കുന്നതാണ്. അദാനിക്ക് കൊടുത്തപ്പോള്‍ എത്ര കിട്ടി എന്ന് മാത്രം പറഞ്ഞാല്‍ മതി. കഴിഞ്ഞമാസം വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അദാനിയുമായി കരാര്‍ ഇല്ലെന്നായിരുന്നു ഇന്നലെ മന്ത്രി പറഞ്ഞത്. ആയിരം കോടി അദാനിക്ക് കിട്ടുമ്പോള്‍ എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാല്‍ മതിയെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.
കരാറിലൂടെ രാഷ്ട്രീയവും സാമ്പത്തികവുമായ ആനുകൂല്യം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. മോദിക്കും പിണറായിക്കും ഇടയിലെ പാലമാണ് അദാനിയെന്നും അധിക വൈദ്യുതി ഉണ്ടായിട്ടും പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നതെന്തിനാണെന്നും ചെന്നിത്തല ചോദിച്ചിരുന്നു. കരാറുണ്ടാക്കാന്‍ കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനം എടുത്തിട്ടുണ്ടെന്നും വിശദ വിവരങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും ചെന്നിത്തല പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക