ബി.ജെ.പി അധികാരത്തിലുള്ളിടത്തെല്ലാം വര്‍ഗീയ സംഘര്‍ഷം നടക്കുന്നു; കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും കേന്ദ്രത്തിനെതിരെ സമരത്തിലെന്നും പിണറായി
Kerala News
ബി.ജെ.പി അധികാരത്തിലുള്ളിടത്തെല്ലാം വര്‍ഗീയ സംഘര്‍ഷം നടക്കുന്നു; കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും കേന്ദ്രത്തിനെതിരെ സമരത്തിലെന്നും പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th March 2018, 7:48 am

കോഴിക്കോട്: രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും വിദ്യാര്‍ഥികളും കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ഐക്യം ഇല്ലാതാക്കാന്‍ വര്‍ഗീയവികാരം ആളിക്കത്തിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നെന്നും പറഞ്ഞ പിണറായി ബി.ജെ.പി അധികാരത്തിലുള്ളിടത്തെല്ലാം വര്‍ഗീയ സംഘര്‍ഷം നടക്കുന്നുണ്ടെന്നും അതുവഴി ജനങ്ങളെ ഭിന്നിപ്പിക്കലാണ് അവരുടെ ലക്ഷ്യമെന്നും കൂട്ടിച്ചേര്‍ത്തു.

സി.ഐ.ടി.യു ദേശീയ കൗണ്‍സിലിന് സമാപനം കുറിച്ച് കോഴിക്കോട് കടപ്പുറത്ത് നടന്ന റാലി ഉദ്ഘാടനംചെയ്ത് സംസാരിക്കവേയാണ് പിണറായി മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയത്. കോണ്‍ഗ്രസ് ബി.ജെ.പിയാകുന്ന കാലമാണിതെന്നും ത്രിപുരയില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ പോയിരിക്കുകയാണെന്നും പിണറായി വിമര്‍ശിച്ചു. “ബി.ജെ.പി അധികാരം പിടിച്ചത് അങ്ങനെയാണ്. ഇക്കാര്യം ജനങ്ങള്‍ ചിന്തിക്കണം.” അദ്ദേഹം പറഞ്ഞു.

“മതനിരപേക്ഷതയുടെ ശരിയായ ഉരകല്ല് വര്‍ഗീയതയോടുളള സമീപനമാണ്. കോണ്‍ഗ്രസ് വര്‍ഗീയതയോട് എക്കാലത്തും വിട്ടുവീഴ്ചചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ബദല്‍ കണ്‍മുന്നിലുണ്ട്. തൊഴിലാളി പ്രക്ഷോഭത്തിലൂടെ വളര്‍ന്നുവരുന്ന മഹാഐക്യം തന്നെയാണ് പ്രധാന ബദല്‍. എല്ലാ ജനവിഭാഗങ്ങളും പ്രക്ഷോഭത്തിന്റെ മാര്‍ഗത്തിലാണ്. തൊഴിലാളികള്‍ മാത്രമല്ല സാംസ്‌കാരിക ലോകവും ക്യാമ്പസുകളും പ്രതിഷേധത്തിലാണ്. അവരുടെ പ്രക്ഷോഭങ്ങളും ബദലുകളാണ്.” പിണറായി പറഞ്ഞു.

എല്ലാം സ്വകാര്യവല്‍ക്കരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഫലപ്രദമായ ബദലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്നും പറഞ്ഞ പിണറായി ബദലെന്ന് വെറുതെ പറയുകയല്ലെന്നും മുന്നോട്ടുവച്ച് പ്രാവര്‍ത്തികമാക്കുന്നുമുണ്ടെന്നും പറഞ്ഞു. “പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ ഇവിടെ ലാഭത്തിലാക്കാനാണ് ശ്രമിക്കുന്നത്” പിണറായി പറഞ്ഞു.