പശ്ചിമബംഗാളില്‍ ആസിഡ് വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
India
പശ്ചിമബംഗാളില്‍ ആസിഡ് വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2013, 3:25 pm

[]കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഏത് തരത്തിലുള്ള ആസിഡ് വാങ്ങുന്നതിനും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു.

ആസിഡിന്റെ വില്‍പനയും ഉപയോഗവും നിയന്ത്രിക്കാനായി നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് ഇത്.

ആസിഡ് ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയ്ക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരവും സൗജന്യ ചികിത്സയും  ഉറപ്പ് വരുത്തുമെന്നും നിയമത്തില്‍ പറയുന്നു. കൂടാതെ ഏതാനും സര്‍ക്കാര്‍ ആശുപത്രികളില്‍ അവര്‍ക്ക് കിടക്കയും ഉറപ്പ് വരുത്തും.

ഈ നിയമങ്ങള്‍ നടപ്പിലാക്കുന്നതിനായി 1919-ലെ പോയിസണ്‍ ആക്ടില്‍ ഭേദഗതികള്‍ വരുത്തുകയാണ് പശ്ചിമബംഗാള്‍. ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ കരട്‌ഭേദഗതികള്‍ സൂക്ഷ്മപരിശോധനയ്ക്കായി നിയമമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.

ആസിഡിന്റെ വില്‍പ്പനയും കൈവശം വയ്ക്കലും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഔദ്യോഗികകണക്കുകളൊന്നും ലഭ്യമല്ലെങ്കിലും വിവിധ എന്‍.ജി.ഒകളുടെയും മറ്റും കണക്കനുസരിച്ച് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ 150-ല്‍ ഏറെ ആസിഡ് ആക്രമണങ്ങളാണ് നടന്നത്.

പശ്ചിമബംഗാളില്‍ മാത്രം ഇക്കാലയളവിനുള്ളില്‍ അന്‍പതിലേറെ ആസിഡ് ആക്രമണങ്ങളാണ് നടന്നിരിക്കുന്നത്.

“ആസിഡിന്റെ വില്‍പന നിയന്ത്രിക്കാനായി പുതിയ നിയമങ്ങള്‍ രൂപീകരിച്ചുകൊണ്ടിരിക്കുകയാണ്. ആസിഡ് വാങ്ങണമെങ്കില്‍ ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കും.” ആഭ്യന്തരവകുപ്പ് വക്താവ് പറയുന്നു.

കൊല്‍ക്കത്തയില്‍ ഭൂരിഭാഗം ഹാര്‍ഡ് വെയര്‍ കടകളിലും ആസിഡ് ലഭിക്കും. എന്ത് ഉദ്ദേശത്തിന് വേണ്ടിയാണ് ഇവ വാങ്ങുന്നത് എന്നതിനെ കുറിച്ച് ഒരന്വേഷണവും നടക്കാറില്ല.

750 മില്ലി ലിറ്ററിന്റെ ഒരു കുപ്പി നൈട്രിക് ആസിഡിന് 60 രൂപയാമെങ്കില്‍ അത്ര തന്നെ സള്‍ഫ്യൂരിക് ആസിഡിന് 50 രൂപ മാത്രമാണ് വില. 500 മില്ലി ഹൈഡ്രോക്ലോറിക് ആസിഡിന് 22 രബപ മാത്രമാണ് വിലയാകുന്നത്.

ആക്രമണത്തിന് കൂടുതലായും ഉപയോഗിക്കപ്പെടുന്നത് സള്‍ഫ്യൂരിക് ആസിഡും നൈട്രിക് ആസിഡുമാണ.

“അപരിചിതര്‍ക്ക് ഞങ്ങള്‍ സാധാരണ ആസിഡ് വില്‍ക്കാറില്ല. എന്നാല്‍ ചിലപ്പോള്‍ വാങ്ങുന്നയാളിന്റെ ഐഡന്റിറ്റി മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് വരില്ല. തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍ബന്ധമാക്കി നിയമം നടപ്പിലാകുകയാണെങ്കില്‍ അത് വളരെ ഗുണകരമായിരിക്കും.” ഒരു കടയുടമ പറയുന്നു.