ഗോഡ്‌സയെ പുകഴ്ത്തിയ എന്‍.ഐ.ടി പ്രൊഫസറുടെ ഫോണ്‍ പിടിച്ചെടുത്തു; എപ്പോള്‍ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ്
Kerala News
ഗോഡ്‌സയെ പുകഴ്ത്തിയ എന്‍.ഐ.ടി പ്രൊഫസറുടെ ഫോണ്‍ പിടിച്ചെടുത്തു; എപ്പോള്‍ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകാനും നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 18th February 2024, 9:12 am

കോഴിക്കോട്: ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സയെ പുകഴ്ത്തി ഫേസ്ബുക്കില്‍ കമന്റ് ചെയ്ത കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഷൈജ ആണ്ടവന്‍ ചോദ്യം ചെയ്യലിന് ഹാജരായ സമയത്താണ് കമന്റ് ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ പൊലീസ് പിടിച്ചെടുത്തത്. ഫോണ്‍ സൈബര്‍ പരിശോധനക്ക് വിധേയമാക്കും.

2024 ഫെബ്രുവരി 17ന് ഉച്ചക്ക് 12.30നാണ് ഷൈജ ആണ്ടവന്‍ ചോദ്യം ചെയ്യലിനായി കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. ചോദ്യം ചെയ്യല്‍ രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. ഇതിനൊടുവിലാണ് ഫോണ്‍ പൊലീസ് പിടിച്ചെടുത്തത്. ഏത് സമയത്ത് വിളിച്ചാലും ചോദ്യം ചെയ്യലിന് വീണ്ടും ഹാജരാകേണ്ടി വരുമെന്ന് കാണിച്ച് ഷൈജ ആണ്ടവന് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച കുന്ദമംഗലം സി.ഐ. എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഷൈജ ആണ്ടവന്റെ വീട്ടിലെത്തി പ്രാഥമിക മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇന്നലെ വീണ്ടും ചോദ്യം ചെയ്യലിനായി സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തിയത്.

ഗാന്ധി രക്തസാക്ഷിദിനത്തിലാണ് ഷൈജ ആണ്ടവന്‍ ഗാന്ധി ഘാതകനായ ഗോഡ്‌സെയെ പുകഴ്ത്തി കമന്റ് ചെയ്തത്. തീവ്ര ഹിന്ദുത്വ നിലപാടുകള്‍ കൊണ്ട് കുപ്രസിദ്ധനായ അഡ്വ. കൃഷ്ണരാജിന്റെ പോസ്റ്റിനടിയിലാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തിരുന്നത്. പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവ് ഇന്ത്യ എന്നായിരുന്നു ഷൈജ ആണ്ടവന്റെ കമന്റ്.

content highlights; Phone seized from NIT professor who praised Godsa; Notice to appear for questioning whenever called