പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി; സി.പി.ഐ.എമ്മിന്റെ മസ്തിഷ്‌ക്കത്തിന് വീണ്ടുമേറ്റ കനത്ത പ്രഹരം: കെ.കെ. രമ
Kerala News
പെരിയ ഇരട്ടക്കൊലക്കേസ് കോടതിവിധി; സി.പി.ഐ.എമ്മിന്റെ മസ്തിഷ്‌ക്കത്തിന് വീണ്ടുമേറ്റ കനത്ത പ്രഹരം: കെ.കെ. രമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th December 2024, 4:08 pm

വടകര: പെരിയ ഇരട്ടക്കൊലക്കേസിലെ കോടതി വിധി സി.പി.ഐ.എമ്മിന്റെ മസ്തിഷ്‌കത്തില്‍ വീണ്ടുമേറ്റ കനത്ത പ്രഹരമെന്ന് വടകര എം.എല്‍.എ കെ.കെ. രമ. ഭരണകൂട ഭീകരതക്കെതിരെ ജനാധിപത്യത്തിന്റെ വിജയമെന്നും എം.എല്‍.എ പറഞ്ഞു.

സര്‍ക്കാര്‍ രാജിവെച്ച് ജനവിധി തേടണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു. കോടതി വിധി പുറത്തുവന്നതോടെ സി.പി.ഐ.എമ്മിന്റെ എല്ലാ വാദങ്ങളും കള്ളമെന്ന് തെളിയിക്കപ്പെട്ടുവെന്നും കെ.കെ. രമ പ്രതികരിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രതികരണം.

പെരിയ ഇരട്ടക്കൊലപാതക കേസ് സാധാരണമായ ഒന്നല്ലായിരുന്നുവെന്നും ഭരണമുണ്ടെന്ന ഹുങ്കുകൊണ്ട് സി.പി.ഐ.എം ആസൂത്രണം ചെയ്ത നടപ്പാക്കിയ കൊലപാതകമാണെന്നും കെ.കെ. രമ പറഞ്ഞു.

എല്ലാ കൊലക്കേസുകളിലും സര്‍ക്കാരാണ് വാദിയെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവര്‍ക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാധ്യത സര്‍ക്കാരിലുണ്ടെന്നും കെ.കെ. രമ പറഞ്ഞു.

എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അത് നിര്‍വഹിച്ചില്ലെന്ന് മാത്രമല്ല, സി.ബി.ഐ അന്വേഷണം നടത്തണമെന്ന കുടുംബത്തിന്റെ ആവശ്യം സുപ്രീം കോടതി വരെ ചോദ്യം ചെയ്തതും അതിനുവേണ്ടി പൊതുഖജനാവില്‍ നിന്ന് കോടികള്‍ മുടക്കിയ നിയമ യുദ്ധത്തിലേക്ക് കുടുംബത്തെ തള്ളിവിട്ടതും സര്‍ക്കാരാണെന്നും കെ.കെ. രമ കുറിച്ചു.


കോടതി വിധി വാസ്തവത്തില്‍ സര്‍ക്കാരിനെതിരായ കോടതി വിധി കൂടിയാണ്. സംരക്ഷണം നല്‍കേണ്ട പൗരന്മാരെ തന്നെ ഇല്ലായ്മ ചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണ് ഈ കോടതി വിധിയെന്നും കെ.കെ. രമ പ്രതികരിച്ചു.

രാഷ്ട്രീയ വിയോജിപ്പുകളെ വെട്ടിയരിഞ്ഞും കൊലപ്പെടുത്തിയും ഇല്ലാതാക്കാമെന്ന വ്യാമോഹങ്ങള്‍ക്കെതിരായ ജനാധിപത്യബോധത്തിലേക്ക് സംഘടിത പ്രസ്ഥാനങ്ങളെ നയിക്കാന്‍ ഈ കോടതി വിധി ഒരു പ്രേരണശക്തിയാവട്ടേയെന്നും എം.എല്‍.എ പറഞ്ഞു.

പെരിയ കേസില്‍ മുന്‍ എം.എല്‍.എ കെ.വി. കുഞ്ഞിരാമന്‍, എ. പീതാംബരന്‍, ടി. രഞ്ജിത്ത്, എ.എം. മണികണ്ഠന്‍ (ഉദുമ മുന്‍ ഏരിയ സെക്രട്ടറി), എ. സുരേന്ദ്രന്‍, രാഘവന്‍ വെളുത്തോളി (പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി), കെ.വി. ഭാസ്‌ക്കരന്‍, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, സജി.സി.ജോര്‍ജ് തുടങ്ങിയവര്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്.

24 പേരാണ് പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്നത്. പത്ത് പേരെ കോടതി വെറുതെ വിട്ടു. ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞതായി കോടതി ഉത്തരവില്‍ പറയുന്നുണ്ട്.

Content Highlight: Periya murder case verdict; Another blow to CPI(M)’s brain: K.K. Rama