താടിയും തൊപ്പിയുമുള്ള ബീഫ് കഴിക്കുന്നവരെ ക്ഷേത്രപരിസരത്ത് കണ്ടാല്‍ തല്ലുമെന്ന് ബി.ജെ.പി എം.എല്‍.എ
national news
താടിയും തൊപ്പിയുമുള്ള ബീഫ് കഴിക്കുന്നവരെ ക്ഷേത്രപരിസരത്ത് കണ്ടാല്‍ തല്ലുമെന്ന് ബി.ജെ.പി എം.എല്‍.എ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 27th October 2023, 1:08 pm

റാഞ്ചി: താടിയോ തൊപ്പിയോ ഉള്ള ബീഫ് കഴിക്കുന്ന ആളുകളെ ഹിന്ദു മത കേന്ദ്രങ്ങള്‍ക്കരികില്‍ കണ്ടാല്‍ തല്ലുമെന്ന് ജാര്‍ഖണ്ഡ് ബി.ജെ.പി എം.എല്‍.എ. 67 സെകന്‍ഡ് ദൈര്‍ഘ്യമുള്ള കുശ്വാഹ ശശി ഭൂഷണ്‍ മേത്ത എം.എല്‍.എയുടെ വീഡിയോയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

മുസ്ലിങ്ങളുടെ പേരെടുത്ത് പരാമര്‍ശിക്കുന്നില്ലെങ്കിലും വീഡിയോയില്‍ ‘അത്തരക്കാര്‍’ ആദ്യം ഹിന്ദുമത പരിപാടികളില്‍ പങ്കെടുക്കുകയും പിന്നീട് തടസ്സപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നും ഇനി ഇത് വെച്ച്‌പൊറുപ്പിക്കില്ലെന്നും എം.എല്‍.എ പറഞ്ഞതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

ജാര്‍ഖണ്ഡ് നിയമസഭയില്‍ താന്‍ ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും ഇനി തെരുവിലും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ 3 ന് വിശ്വഹിന്ദു പരിഷത്തും ബജ്‌റഗദളും സംഘടിപ്പിച്ച ‘ശൗര്യയാത്ര’ ഇവര്‍ തടസ്സപ്പെടുത്തിയെന്ന് ഭൂഷണ്‍ പറഞ്ഞു.

ഹിന്ദു ആരാധനാലയങ്ങള്‍ക്ക് സമീപം ‘ദാധിവാലൈ’ (താടിയുളളവര്‍) ‘ടോപ്പിവാലൈ’ (തൊപ്പിയുള്ളവര്‍) ബീഫ് കഴിക്കുന്നവര്‍ എന്നിവരെ കണ്ടാല്‍ തല്ലി കൊല്ലുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.

വിജയദശമി ദിനത്തില്‍ പങ്കിയിലെ ഒരു കല്യാണ മണ്ഡപത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്ന് പലമാവുവിലെ വാര്‍ത്താ ചാനലിലെ റിപ്പോര്‍ട്ടര്‍ പറഞ്ഞു.

വീഡിയോ പ്രചരിച്ച് 24 മണിക്കൂറോളം കഴിഞ്ഞിട്ടും വിദ്വേഷ പ്രസംഗത്തിന് പോലീസ് കേസെടുത്തിട്ടില്ല. ഇതുവരെ ആരും പരാതിനല്‍കിയിട്ടില്ലാത്തതിനാല്‍ വീഡിയോ പരിശോധിച്ച് വരികയാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പലമാവ് പോലീസ് സൂപ്രണ്ട് റീഷ്മ രമേശന്‍ പറഞ്ഞു.

എം.എം.എ യുടെ പ്രസംഗത്തെ അപലപിച്ച് കോണ്‍ഗ്രസ് ജെ.എം.എം വക്താക്കള്‍ രംഗത്തെത്തി.

വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുകയാണ് ബി.ജെ.പി. അതിനാല്‍ മറ്റ് നേതാക്കളും അവരുടെ അവസരത്തിനായി കാത്തുനില്‍ക്കുന്നു. ഇതിനുള്ള മറുപടി ജനങ്ങള്‍ തെരെഞ്ഞെടുപ്പില്‍ നല്‍കും ജെ.എം.എം വക്താവ് മനോജ് പാണ്ഡെ പറഞ്ഞു.

content highlight :People with beards and caps around temples will be beaten,alleges BJP MLA