Entertainment news
ഇക്കാലത്ത് അന്ധവിശ്വാസങ്ങളെ പ്രമോട്ട് ചെയ്യുന്ന സിനിമയെടുത്താല്‍ ജനങ്ങള്‍ പരിഹസിക്കും: മണിയന്‍പിള്ള രാജു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 May 14, 08:04 am
Tuesday, 14th May 2024, 1:34 pm

നടനായും നിര്‍മാതാവായും മലയാള സിനിമയില്‍ സജീവസാന്നിധ്യമാണ് മണിയന്‍ പിള്ളരാജു. 49 വര്‍ഷം നീണ്ട അദ്ദേഹത്തിന്റെ സിനിമ കരിയറില്‍ 400ല്‍ അധികം സിനിമകളില്‍ അദ്ദേഹം അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

മണിയന്‍പിള്ള രാജു

ഇന്നത്തെ കാലത്ത് അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളെടുത്താല്‍ ജനങ്ങള്‍ പരിഹസിക്കുമെന്ന് പറയുകയാണ് ഇപ്പോള്‍ താരം. താന്‍ നിര്‍മിക്കുന്ന 14ാമത് ചിത്രമായ ഗു എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വില്ലേജ് ഫോക്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇപ്പോഴത്തെ ഒരു ട്രന്റ് നില്‍ക്കുന്നത് കണ്ടന്റിലാണ്. ഇപ്പോള്‍ വിജയിച്ച പടങ്ങളുടെയും പരാജയപ്പെട്ട പടങ്ങളുടെയും ലിസ്റ്റെടുത്താല്‍ ഓടിയ പടങ്ങളെല്ലാം നല്ല കണ്ടന്റുള്ള സിനിമകളാണ്. ഇപ്പോഴത്തെ ഓഡിയന്‍സ് മാറിയിരിക്കുന്നു. പണ്ട് സ്ത്രീകള്‍ കയറിയാല്‍ പടം ഓടുമെന്നൊക്കെ പറയുമായിരുന്നു.

ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ 18 വയസ്സിനും 40-42 വയസ്സിന് ഇടയിലുമുള്ളവരാണ് സിനിമ അധികവും കാണുന്നത്. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് അന്ധവിശ്വാസത്തെ പ്രമോട്ട് ചെയ്യുന്ന, അല്ലെങ്കില്‍ അങ്ങനെയുള്ള റൂട്ടില്‍ പോയാല്‍ ആളുകള്‍ പരിഹസിക്കും.

അവര്‍ക്കറിയാം കാര്യങ്ങല്‍. ഇല്ക്ട്രിസിറ്റിയും സംഭവങ്ങളും വന്നതോടെ നമുക്കിടയില്‍ വര്‍ക്ക് ചെയ്തിരുന്ന ഭയപ്പെടുത്തുന്ന പല എലമെന്റ്‌സും പോയ്ക്കഴിഞ്ഞു. ഈ സിനിമ വടക്കന്‍ മലബാറിലും മറ്റുമൊക്കെയുള്ള ഗുളികന്‍ എന്ന ഒരു സംഭവത്തെ ആസ്പദമാക്കിയുള്ള സിനിമയാണ്. എന്നുവെച്ച് ഇതെല്ലാം ഉണ്ടെന്ന് വിശ്വസിപ്പിച്ച് കുട്ടികളെ വഴി തെറ്റിപ്പിക്കുന്ന ഒരു സിനിമയല്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.

2024 മെയ് 17നാണ് ഗു എന്ന സിനിമ തിയേറ്ററുകളിലെത്തുന്നത്. മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട ദേവനന്ദയാണ് ഈ സിനിമയിലെ പ്രധാനകഥാപത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ദേവനന്ദക്ക് പുറമെ സൈജുകുറുപ്പ്, അശ്വതി മനോഹരന്‍ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മനുരാധാകൃഷ്ണനാണ് സംവിധാനം ചെയ്യുന്ന ഗു ഒരു ഹൊറര്‍ ഫാന്റസി സിനിമയാണ്. വടക്കന്‍ മലബാറിലെ ഗുളികന്‍ തെയ്യത്തെ ആസ്പദമാക്കിയുള്ള കഥാപശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

content highlights: People will make fun of films promoting superstitions these days: Maniyanpilla Raju