തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്ന് ഡി.വൈ.എഫ്.ഐ.
ഒരു ലക്ഷത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ പറഞ്ഞു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള ചതിയും വഞ്ചനയുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇത്രയും നാള്‍ എതിര്‍ നിലപാട് എടുത്ത എല്‍.ഡി.എഫ് ചെറുപ്പക്കാരെ ഇപ്പോള്‍ വഞ്ചിച്ചു. ഇതില്‍ ഡി.വൈ.എഫ്.ഐക്ക് എന്താണ് പറയാന്‍ ഉള്ളതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
പല സ്ഥലങ്ങളിലും നിയമനങ്ങള്‍ക്കായി നടപടികള്‍ തുടങ്ങിയിരുന്നു. ആ യുവാക്കളുടെ ജീവിതത്തില്‍ ഇപ്പോള്‍ കരിനിഴല്‍ വീണു. കേരളത്തില്‍ തൊഴിലില്ലായ്മ രൂക്ഷമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം കൂട്ടിയതിനെതിരെ പ്രതിപക്ഷ യുവജന സംഘടനകള്‍ സമര രംഗത്ത് ഇറങ്ങും. യൂത്ത് കോണ്‍ഗ്രസ് സമര രംഗത്തുണ്ടെന്നും സതീശന്‍ പറഞ്ഞു
അതേസമയം, കെ.എസ്.ആര്‍.ടി.സി, കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി ഒഴികെ 122 സ്ഥാപനങ്ങളിലും ആറ് ധനകാര്യ കോര്‍പ്പറേഷനുകളിലുമാണ് പെന്‍ഷന്‍ പ്രായം ഏകീകരിച്ചത്. 56,58,60 എന്നിങ്ങനെ വ്യത്യസ്ത പെന്‍ഷന്‍ പ്രായമായിരുന്നു വിവിധ സ്ഥാപനങ്ങളില്‍.
നിലവില്‍ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വ്യത്യസ്ത വിരമിക്കല്‍ പ്രായപരിധിയാണുള്ളത്. ഒരേ സ്ഥാപനത്തില്‍തന്നെ വര്‍ക്കേഴ്‌സിന് 60, സ്റ്റാഫിന് 58 എന്ന നിലയുമുണ്ടായിരുന്നു. ഇതെല്ലാം ഏകീകരിച്ചാണ് 60 വയസ്സായി നിജപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു.
ഒന്നര ലക്ഷം പേര്‍ക്കാണ് ആനുകൂല്യം കിട്ടുക. കെ.എസ്.ഇ.ബി, കെ.എസ്.ആര്‍.ടി.സി, വാട്ടര്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങളില്‍ ഒഴികെ പുതിയ ഉത്തരവ് ബാധകമാവും.