national news
പി.ഡി.പി നേതാവ് നയിം അക്തര്‍ ജയിലില്‍ ബോധമറ്റ നിലയില്‍; ജയിലധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jan 14, 06:20 pm
Thursday, 14th January 2021, 11:50 pm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ മുന്‍മന്ത്രിയും പി.ഡി.പി നേതാവുമായ നയിം അക്തറിനെ ജയില്‍ സെല്ലിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി ജയിലധകൃതര്‍ പറഞ്ഞു.

എന്നാല്‍ ജയിലില്‍ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിക്കുകയാണ് അധികൃതര്‍ എന്ന ആരോപണവുമായി അക്തറിന്റെ ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്.

ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അക്തറിനെ ബോധമറ്റ നിലയില്‍ സെല്ലിനുള്ളില്‍ കണ്ടെത്തിയതെന്നും ബന്ധുക്കളെ അറിയിക്കാനോ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാനോ അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

ഏകദേശം 40 മിനിറ്റോളമാണ് അദ്ദേഹം ബോധരഹിതനായി കിടന്നത്. എന്തുവേണമെങ്കിലും സംഭവിക്കാമായിരുന്നു അദ്ദേഹത്തിന്. ഹൃദ്‌രോഗമുള്ള  ഒരു മനുഷ്യനെ ഇത്തരത്തിലാണോ പരിചരിക്കേണ്ടത്. മനസാക്ഷിയുള്ള ഒരു പൊലീസുദ്യോഗസ്ഥനാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച വിവരം ഞങ്ങളെ അറിയിച്ചത്, അക്തറിന്റെ മകള്‍ പറഞ്ഞു.

അതേസമയം ജയിലധികൃതര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി അക്തറിന്റെ മകള്‍ രംഗത്തെത്തി. അദ്ദേഹമൊരു കുറ്റവാളിയല്ലെന്നും രാഷ്ട്രീയനേതാവാണെന്നും മകള്‍ പറഞ്ഞു.

അക്തര്‍ ഇപ്പോള്‍ ഖൈബര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില മെച്ചപ്പെട്ടുവരുന്നുവെന്നും ബന്ധുക്കള്‍ അറിയിച്ചു.

കശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ അനുയായികളില്‍ ഒരാളാണ് നയിം അക്തര്‍. കശ്മീരിന്റെ പദവിയെടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ തടങ്കലിലാക്കിയത്.

പത്ത് മാസത്തെ തടവിന് ശേഷം അദ്ദേഹത്തെ മോചിപ്പിച്ചിരുന്നു. എന്നാല്‍ കശ്മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2020 ഡിസംബറില്‍ അദ്ദേഹത്തെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Pdp Leader Unconcious in Jail