രക്ഷയില്ലാതെ ഐ.പി.എല്ലിന് ക്ലാഷ് വെക്കാന്‍ പാകിസ്ഥാന്‍;തിരിച്ചടിയായത്...
Sports News
രക്ഷയില്ലാതെ ഐ.പി.എല്ലിന് ക്ലാഷ് വെക്കാന്‍ പാകിസ്ഥാന്‍;തിരിച്ചടിയായത്...
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th August 2024, 10:24 am

 

പി.എസ്.എല്‍ 2025ന്റെ ഡേറ്റ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ടതായി റിപ്പോര്‍ട്ട്. സാധാരണയായി നടക്കുന്ന ഷെഡ്യൂളില്‍ നിന്നും മാറി ഐ.പി.എല്‍ സീസണിലാണ് പി.സി.ബി ഇത്തവണ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നടത്താനൊരുങ്ങുന്നത്.

ഏപ്രില്‍ പത്ത് മുതല്‍ മെയ് വരെയാണ് പി.എസ്.എല്‍ നടത്താന്‍ പി.സി.ബി ഒരുങ്ങുന്നത്. ഈ വര്‍ഷം നടന്ന ഐ.പി.എല്ലിന്റെ അതേ സമയത്ത് തന്നെയാണ് പി.സി.ബി 2025ലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

സാധാരണയായി ഫെബ്രുവരി – മാര്‍ച്ചിലാണ് പി.എസ്.എല്‍ സംഘടിപ്പിക്കാറുള്ളത്. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കലണ്ടര്‍ കാരണമാണ് പി.എസ്.എല്ലിന്റെ ഷെഡ്യൂള്‍ മാറ്റിവെക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നിര്‍ബന്ധിതരായിരിക്കുന്നത്.

ഫെബ്രുവരില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്ഥാനാണ് ആതിഥേയരാകുന്നത്. ഇതിന് പുറമെ ഒരു ട്രൈനേഷന്‍ സീരീസും വെസ്റ്റ് ഇന്‍ഡീസിന്റെ പര്യടനവും നടക്കാനുണ്ട്. ഇതാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കുഴക്കുന്നത്.

ഫ്രാഞ്ചൈസി ക്രിക്കറ്റ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ടൂര്‍ണമെന്റുകളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗും പാകിസ്ഥാന്‍ സൂപ്പര്‍ ലീഗും. മിക്ക ടീമുകളിലെ വിദേശ താരങ്ങളും ഇരു ലീഗുകളിലും കളിക്കാറുണ്ട്.

 

എന്നാല്‍ ഇരു ടൂര്‍ണമെന്റുകളും ഒരേസമയത്ത് തന്നെ ഷെഡ്യൂള്‍ ചെയ്യപ്പെടുകയാണെങ്കില്‍ താരങ്ങുടെ അവൈലബിലിറ്റിയും പ്രശ്‌നമാകും, പ്രത്യേകിച്ചും ഐ.പി.എല്‍ 2025ന് മുമ്പായി മെഗാ ലേലം നടക്കുന്നതിനാല്‍.

ഇപ്പോള്‍ ഉടലെടുത്ത പ്രതിസന്ധി എങ്ങനെയാകും മറികടക്കുക എന്നാണ് ആരാധകരും ഉറ്റുനോക്കുന്നത്.

 

 

Content highlight:  PCB to hold PSL 2025 in same timeframe as IPL: Reports