കോട്ടയം: മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തോടെ അവസാനിപ്പിച്ചതാണ് വര്‍ഗീയ വാദികളുമായുള്ള ബന്ധമെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി. സി ജോര്‍ജ്. തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തടസപ്പെടുത്തിയത് നിക്ഷിപ്ത താത്പര്യക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ഈരാറ്റുപേയില്‍ പി. സി ജോര്‍ജ് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ചിലര്‍ കൂക്കിവിളിച്ചിരുന്നു. പ്രചാരണം തടസപ്പെടുത്തിയതിന് പിന്നാലെ പി. സി ജോര്‍ജ് തെറിവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പി. സി ജോര്‍ജിന്റെ പ്രതികരണം.
പ്രചാരണം തടസ്സപ്പെടുത്തിയത് നിക്ഷിപ്ത താത്പര്യക്കാരാണ്. ഇവര്‍ കഴിഞ്ഞ തവണ തന്നെ സഹായിച്ചവരാണ്. എന്നാല്‍ അഭിമന്യുവിന്റെ കൊലപാതകത്തോടെ ഇവരുമായുള്ള ബന്ധം അവസാനിപ്പിച്ചു. അന്നുമുതല്‍ ഇവര്‍ക്ക് തന്നോട് ശത്രുതയാണെന്നാണ് പി. സി ജോര്‍ജ് പറഞ്ഞത്.
വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നവരുമായുള്ള എല്ലാ ബന്ധവും താന്‍ അവസാനിപ്പിച്ചുവെന്നും വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കാനോ ജനാധിപത്യത്തെ പരാജയപ്പെടുത്താനോ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈരാറ്റുപേട്ട മേഖലയില്‍ ഇനി പ്രചാരണം നടത്തില്ലെന്ന് പി. സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവിടുത്തെ സമാധാനം നിലനില്‍ക്കണമെന്ന് ആഗ്രഹമുള്ള മതേതര വിശ്വാസികളായ ഈരാറ്റുപേട്ടക്കാര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
മാര്‍ച്ച് 22നാണ് പി.സി ജോര്‍ജ് പങ്കെടുത്ത പ്രചരണ പരിപാടിയില്‍ നാട്ടുകാര്‍ കൂകി വിളിച്ച് രംഗത്തെത്തിയത്.
തുടര്‍ന്ന് കൂകി വിളിച്ച നാട്ടുകാരെ പി.സി ജോര്‍ജ് തിരിച്ച് തെറിവിളിക്കുകയായിരുന്നു. തീക്കോയി പഞ്ചായത്തിലെ പര്യടനത്തിനിടെയായിരുന്നു സംഭവം.
തുറന്ന വാഹനത്തില്‍ വോട്ടഭ്യര്‍ത്ഥിക്കുകയായിരുന്ന പി.സി ജോര്‍ജിനെ കൂവലിന്റെ അകമ്പടിയോടെയാണ് നാട്ടുകാര്‍ വരവേറ്റത്. മേയ് രണ്ടിന് താന്‍ എം.എല്‍.എയാകുമെന്നും അന്ന് ഇവിടെ വരുമെന്നും ജോര്‍ജ് കൂവി വിളിക്കുന്നവരോട് പറയുന്നുണ്ട്.
‘അങ്ങനെ പേടിപ്പിക്കല്ലേ. കൂവി വിളിച്ചാ ഓടുന്ന ഏഭ്യനല്ല ഞാന്‍. എന്റെ ചിഹ്നം തൊപ്പിയാണ്. സൗകര്യമുള്ളവര്‍ തൊപ്പിയില്‍ വോട്ട് ചെയ്യുക. നിന്റെയൊക്കെ വീട്ടില്‍ ഇങ്ങനെ കാര്‍ന്നോന്മാര്‍ പഠിപ്പിച്ചുവിടുന്നതെന്ന് ഞാന്‍ ഇപ്പോഴാ അറിഞ്ഞത്’, ജോര്‍ജ് പറഞ്ഞു.
ഈരാറ്റുപേട്ടയില്‍ ജനിച്ച് വളര്‍ന്നവനാണ് താനെന്നും ആരു കൂവിയാലും ഓടില്ലെന്നും ജോര്‍ജ് പറയുന്നുണ്ട്.
‘വല്യ വര്‍ത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നേ. പോടാ അവിടെന്ന് തെണ്ടീ’ എന്ന് പറഞ്ഞാണ് ജോര്‍ജ് പ്രസംഗം അവസാനിപ്പിക്കുന്നത്.