കോഴിക്കോട്: തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ആര്‍ച്ചറിന്റെ’ മലയാളം പതിപ്പിന്റെ കവര്‍ പേജ് ഫേസ്ബുക്കില്‍ പങ്കുവെച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്‌ലോ. ജനുവരി 25 നാണ് പുതിയ കൃതിയുടെ മലയാളം പതിപ്പ് പുറത്തിറക്കുന്നത്.
പൗലോ കൊയ്‌ലോയുടെ പോസ്റ്റിന് മണിക്കൂറുകള്‍ കൊണ്ട് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളികള്‍ ഏറ്റെടുത്ത പോസ്റ്റിന് ആദ്യ അരമണിക്കൂറില്‍ മാത്രം 3000 ത്തിലധികവും ലൈക്കും 500 ലധികം കമന്റും 200 ലധികം ഷെയറും ലഭിച്ചു.
ഒരു ജ്ഞാനിയില്‍നിന്നും അറിവു സമ്പാദിക്കുന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന പുസ്തകമാണ് ‘ആര്‍ച്ചര്‍’. ഡിസി ബുക്‌സാണ് മലയാളം പതിപ്പ് പ്രസിദ്ധീകരിക്കുന്നത്.
ഡി.സി ബുക്‌സിന്റെ ഓണ്‍ലൈന്‍ സ്റ്റോറിലൂടെയും സംസ്ഥാനത്തുടനീളമുള്ള ഡി.സി/കറന്റ് ബുക്സ് ശാഖകളിലൂടെയും പുസ്തകം പ്രീബുക്ക് ചെയ്യാം. കബനി സിയാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്.
അമ്പെയ്ത്തില്‍ പ്രസിദ്ധനായ തെത്സുയയുടെ കഥയാണ് ആര്‍ച്ചര്‍. ഒരിക്കല്‍ ദൂരെദേശത്തുനിന്നും തെത്സുയയുടെ കഴിവുകള്‍ കേട്ടറിഞ്ഞെത്തുന്ന എതിരാളിയും തെത്സുയയും തമ്മില്‍ മത്സരത്തില്‍ ഏര്‍പ്പെടുന്നു. മത്സരത്തിന് കാണിയായുണ്ടായിരുന്നത് ഒരു ബാലനായിരുന്നു.
അമ്പെയ്ത്ത് മത്സരം ബാലനില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു. അതിനു നല്കുന്ന ഉത്തരങ്ങളിലൂടെ തെത്സുയ വില്ലിന്റെ വഴിയെയും ജീവിതത്തിന്റെ തത്വങ്ങളെയും പരിചയപ്പെടുത്തുന്നതാണ് കൃതിയുടെ ഇതിവൃത്തം.
നേരത്തെയും മലയാളത്തെ പൗലോ കൊയ്‌ലോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ചേര്‍ത്ത് പിടിച്ചിരുന്നു.
മലയാളത്തിലേക്കു മൊഴിമാറ്റിയ സ്വന്തം നോവലുകളുടെ ബുക്ക് ഷെല്‍ഫ് കൊയ്‌ലോ ട്വീറ്റ് ചെയ്തിരുന്നു.
‘ചില വാതിലുകള്‍ അടച്ചിടുന്നതാണ് നല്ലത്. അത് അഹങ്കാരം കൊണ്ടല്ല, ദേഷ്യം കൊണ്ടല്ല, ആ വാതില്‍ തുറന്നിട്ടാലും അതില്‍ നിന്നൊരു വെളിച്ചമോ കാറ്റോ വരാന്‍ ഒരു സാധ്യതയുമില്ല’ എന്ന പൗലോ കൊയ്ലോയുടെ തന്നെ വരികള്‍ നേരത്തെ അദ്ദേഹം മലയാളത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
അദ്ദേഹത്തിന്റെ പല പുസ്തകങ്ങളും ഇംഗ്ലീഷ് പരിഭാഷയ്ക്ക് മുന്‍പ് മലയാളത്തില്‍ ഇറങ്ങാറുണ്ട്. ദ ആല്‍ക്കെമിസ്റ്റ് എന്ന പുസ്തകമാണ് മറ്റു ഭാഷകളിലെന്നപോലെ മലയാളത്തിലും അദ്ദേഹത്തെ ജനപ്രിയനാക്കിയത്.
തുടര്‍ന്ന് വന്ന പുസ്തകങ്ങളും മികച്ച രീതിയില്‍ വായിക്കപ്പെട്ടു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന മലയാള സിനിമയുടെ പോസ്റ്ററും പൗലോ കൊയ്ലോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക