മെസിയാണ് മികച്ചതെന്നൊക്കെ പറയുന്നുണ്ട്; പക്ഷെ ഗോട്ട് എന്നും ക്രിസ്റ്റ്യാനോ തന്നെ: മുന്‍ താരം
ഫുട്ബോള്‍ ലോകത്ത് മെസി – റൊണാള്‍ഡോ ഫാന്‍ ഫൈറ്റിന് ഇനിയും അറുതിവീണിട്ടില്ല. ലോക ചാമ്പ്യനായതിന് ശേഷം മെസിയാണ് മികച്ചതെന്ന് ആരാധകര്‍ അഭിപ്രായപ്പെടാറുണ്ടെങ്കിലും കണക്കുകള്‍ക്ക് പോലും ഇരുവരില്‍ ഒരാളെ ചൂണ്ടിക്കാട്ടാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇവിടെ മെസിയെക്കാള്‍ മികച്ചത് റൊണാള്‍ഡോയാണെന്ന് പ്രസ്താവിക്കുകയാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡര്‍ പാട്രീസ് എവ്റ.
റൊണാള്‍ഡോയെ പ്രശംസിക്കുന്നതിന് തനിക്ക് വ്യക്തമായ കാരണങ്ങള്‍ ഉണ്ടെന്ന് എവ്റ പറഞ്ഞു. റിയോ ഫെര്‍ണാണ്ടസിന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ക്രിസ്റ്റ്യാനോ ഞങ്ങളുടെ സഹോദരന്‍ ആയതുകൊണ്ട് മാത്രമല്ല ഞാന്‍ അദ്ദേഹത്തെ പ്രശംസിക്കുന്നത്. എനിക്കദ്ദേഹത്തിന്റെ പ്രകടനം ഇഷ്ടമായത് കൊണ്ടാണ്. മെസി ജന്മനാ കഴിവുള്ളയാളാണ്. ദൈവം അദ്ദേഹത്തിന് കഴിവ് നല്‍കിയിട്ടുണ്ട്.
ക്രിസ്റ്റ്യാനോയെ സംബന്ധിച്ച് അദ്ദേഹത്തിന് കഴിവുണ്ടെങ്കില്‍ കൂടിയും ഒത്തിരി പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. ക്രിസ്റ്റ്യാനോക്ക് കളിയിലുള്ള ആത്മാര്‍ത്ഥ മെസിക്കുണ്ടായിരുന്നെങ്കില്‍ ഇന്നദ്ദേഹത്തിന് 15 ബാലണ്‍ ഡി ഓറുകള്‍ ലഭിക്കുമായിരുന്നു.
എനിക്ക് കഠിനാധ്വാനം ചെയ്യുന്നവരെ ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടാണ് ക്രിസ്റ്റ്യാനോയോട് ഇത്രക്കിഷ്ടം. ലോകകപ്പിന് ശേഷം മെസിയാണ് ഗോട്ട് എന്നൊക്കെ ആളുകള്‍ പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷെ റൊണാള്‍ഡോ വേറെ ലെവലാണ്. എന്നാല്‍ മെസിയാണ് മികച്ചതെന്ന് പറയുന്നവരെ ഞാന്‍ തിരുത്താറില്ല. ഓരോരുത്തര്‍ക്കും വ്യത്യസ്ത അഭിപ്രായമായിരിക്കും. അതില്‍ തെറ്റൊന്നുമില്ല,’ എവ്റ പറഞ്ഞു.
മൂന്ന് സീസണുകളോളം സഹതാരങ്ങളായിരുന്നു എവ്റയും റൊണാള്‍ഡോയും. ഇരുവരും ചേര്‍ന്ന് രണ്ട് പ്രീമിയര്‍ ലീഗ് ടൈറ്റിലുകളും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.
Content Highlights: Patrice Evra about Messi and Ronaldo