Film News
വെള്ളമടിച്ച് കോണ്‍തെറ്റി വരുമ്പോള്‍ സിക്‌സറടിക്കാന്‍ ഒരു പെണ്ണിനെ വേണം, എന്റെ ദേഹത്ത് തൊട്ടാല്‍ മോന്തയടിച്ച് പൊളിക്കും; പെട വാങ്ങി പത്രോസിന്റെ പടപ്പുകള്‍ ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Feb 16, 01:33 pm
Wednesday, 16th February 2022, 7:03 pm

മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകള്‍ ‘എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്.

അമ്മച്ച്യേ അവന്‍ വന്നു ഇനിയെങ്കിലും എനിക്കിത്തിരി ചോറുതാ എന്ന ഡയലോഗോടെയാണ് ട്രെയ്‌ലര്‍ ആരംഭിക്കുന്നത്. താന്‍ ഒളിപ്പിച്ചുവെക്കുന്ന ബിയര്‍ എടുത്ത് അപ്പന് കുടിക്കാന്‍ കൊടുക്കുന്ന അമ്മച്ചിയോട് ഡിനോയിയുടെ കഥാപാത്രം ടോണി ദേഷ്യപ്പെടുന്നതൊക്കെ വളരെ രസകരമായാണ് ട്രെയ്‌ലറില്‍ കാണിക്കുന്നത്.

റിലേഷന്‍ഷിപ്പുകളെ കുറിച്ചും ട്രെയ്‌ലര്‍ സംസാരിക്കുന്നുണ്ട്. നരസിംഹം സിനിമയെ ഓര്‍മപ്പെടുത്തുന്ന വെള്ളമടിച്ച് കോണ്‍തെറ്റി വരുമ്പോള്‍ സിക്‌സറടിക്കാന്‍ ഒരു പെണ്ണിനെ വേണമെന്ന് ഡയലോഗും ട്രെയ്‌ലറില്‍ ശ്രദ്ധേയമാണ്. എന്നാല്‍ ഇതിനെ കാമുകി നല്‍കുന്ന ‘എന്റെ ദേഹത്ത് തൊട്ടാല്‍ നിന്റെ മോന്തയടിച്ച് പൊളിക്കും ഞാന്‍’ എന്ന മറുപടിയാണ് കൈയടികള്‍ ഏറ്റുവാങ്ങുന്നത്.

ടോണിയുടെ അമ്മൂമ്മയും ട്രെയ്‌ലറില്‍ സ്റ്റാറാണ്. ഡിനോയിക്ക് പുറമേ ഷറഫുദീന്‍, ശബരീഷ് വര്‍മ, നസ്‌ലന്‍, ഗ്രേസ് ആന്റണി, രഞ്ജിത മേനോന്‍ തുടങ്ങിയവരും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ് പത്രോസിന്റെ പടപ്പുകള്‍. വൈപ്പിന്‍, എറണാകുളം പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത് ഒ.പി.എം ഫിലിംസ് ആണ്. സുരേഷ് കൃഷ്ണ, ജോണി ആന്റണി, ജെയിംസ് ഏലിയാ, നന്ദു, ഷൈനി സാറ, ആലീസ് തുടങ്ങിയവരോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ഉണ്ട്.

ജയേഷ് മോഹന്‍ ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍ സംഗീത് പ്രതാപ്.

കല ആഷിക്. എസ്, വസ്ത്രലങ്കാരം ശരണ്യ ജീബു, മേക്കപ്പ് സിനൂപ് രാജ്, മുഖ്യ സംവിധാന സഹായി അതുല്‍ രാമചന്ദ്രന്‍, സ്റ്റില്‍ സിബി ചീരന്‍ , സൗണ്ട് മിക്‌സ് ധനുഷ് നായനാര്‍, എ.എസ് ദിനേശ്, ആതിര ദില്‍ജിത്, പരസ്യ കല യെല്ലോ ടൂത്ത്, അനദര്‍ റൗണ്ട്.


Content Highlights: Pathrosinte Padappukal Trailer out