Kerala News
നെടുമ്പാശ്ശേരിയില്‍ മനുഷ്യബോംബെന്ന് യാത്രക്കാരന്റെ വ്യാജ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Oct 21, 01:31 pm
Monday, 21st October 2024, 7:01 pm

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മനുഷ്യബോംബെന്ന് വ്യാജ ഭീഷണി. 3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി ഉയര്‍ത്തിയത്.

സി.ഐ.എസ്.എഫ് നടത്തിയ പരിശോധനയില്‍ ബോബുകള്‍ കണ്ടെത്താനായില്ല. മുംബൈ-വിസ്താര വിമാനത്തിലായിരുന്നു ഭീഷണി ഉയര്‍ത്തിയത്. വ്യാജ ഭീഷണിയില്‍ മഹാരാഷ്ട്ര സ്വദേശിയായ വിജയ് മന്ദാനയെ അറസ്റ്റ് ചെയ്തു.

നിലവില്‍ രണ്ട് ഘട്ടങ്ങളിലായി പരിശോധന നടത്തിയതിന് ശേഷമാണ് യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. പരിശോധന നടക്കുന്നതിനിടെയിലാണ് വിജയ് മന്ദാന ഭീഷണി ഉയര്‍ത്തിയത്.

തന്നെ പരിശോധിക്കരുതെന്നും താന്‍ മനുഷ്യബോംബാണെന്നുമാണ് ഇയാള്‍ പറഞ്ഞത്. തുടര്‍ന്ന് ഇയാളെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് നിന്ന് മാറ്റുകയും പരിശോധന നടത്തുകയുമായിരുന്നു. പിന്നീട് വിജയ് മന്ദാനയെ നെടുമ്പാശ്ശേരി പൊലീസിന് കൈമാറുകയും ചെയ്തു.

ഇതിനുമുമ്പ് ഇയാള്‍ക്കെതിരെ ഇത്തരത്തിലുള്ള പരാതികള്‍ ഒന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഒക്ടോബര്‍ 19ന് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനത്തിന് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. കൊച്ചി-ബെംഗളൂരു വിമാനത്തിന് നേരെയാണ് ഭീഷണി ഉണ്ടായത്.

സേലത്ത് നിന്നെത്തി 19ന് രാത്രിയോടെ യാത്ര തിരിക്കേണ്ട വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. എക്‌സിലൂടെയാണ് ഭീഷണി സന്ദേശം ഉയര്‍ന്നത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തെ വിവിധ വിമാന കമ്പനികള്‍ക്ക് നേരെ ഭീഷണി സന്ദേശങ്ങള്‍ ഉയരുകയാണ്. നിരന്തരമായി ഭീഷണി ഉയരുന്നതില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

വിമാനങ്ങള്‍ക്ക് നേരെ ദിനംപ്രതി വ്യാജഭീഷണി ഉയരുന്ന സാഹചര്യത്തില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, ആഭ്യന്തര മന്ത്രാലയം ചര്‍ച്ചകള്‍ സജീവമാക്കിയിരുന്നു.

വ്യാജഭീഷണികള്‍ ഉയര്‍ത്തുന്നവരെ കണ്ടെത്തിയാല്‍ ‘നോ ഫ്ളൈ ലിസ്റ്റ്’ല്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ഉണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി രാം മോഹന്‍ നായിഡു നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Content Highlight: Passenger fake threat in Nedumbassery