ഇന്ന് മലയാളത്തില്‍ മികച്ച കഥാപാത്രങ്ങളെ എളുപ്പത്തില്‍ അവതരിപ്പിക്കുന്ന നായികമാരില്‍ ഒരാളാണ് പാര്‍വതി തിരുവോത്ത്. എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ളി എന്നിവ നടിയുടെ മികച്ച സിനിമകളില്‍ രണ്ടെണ്ണമാണ്. ഈ സിനിമകളില്‍ കാഞ്ചനമാല, ടെസ എന്നീ കഥാപാത്രങ്ങളെയായിരുന്നു പാര്‍വതി അവതരിപ്പിച്ചത്.
ഇപ്പോള്‍ ഈ കഥാപാത്രങ്ങളെ കുറിച്ച് പറയുകയാണ് പാര്‍വതി തിരുവോത്ത്. ഇരുകഥാപാത്രങ്ങളും ഒരുപോലെ ശക്തരും ദുര്‍ബലരുമായിരുന്നു എന്നാണ് നടി പറയുന്നത്. ഈ കഥാപാത്രങ്ങളും താനുമായി ഒരു ബന്ധവും ഇല്ലെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഞാന്‍ മനസിലാക്കുന്ന ഒരു കാര്യമുണ്ട്. ഞാന്‍ എന്റെ കഥാപാത്രങ്ങളെ അത്ര സ്‌ട്രോങ്ങായ സ്ത്രീകളായി കണ്ടല്ല തെരഞ്ഞെടുത്തത്. ചാര്‍ളിയിലെ ടെസ ഒരേ സമയം സ്‌ട്രോങ്ങും എന്തൊക്കെയോ നഷ്ടപ്പെട്ടവളുമാണ്. കാഞ്ചനമാല സ്‌ട്രോങ്ങാണെന്നത് പോലെ തന്നെ വളരെ വീക്കുമാണ്.
എന്തുകൊണ്ടാണ് കാഞ്ചനമാലയുടെ കഥ കേട്ടപ്പോള്‍ ഞാന്‍ ആ സിനിമക്ക് സമ്മതം പറഞ്ഞതെന്ന് എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ഞാന്‍ വ്യക്തിപരമായി പ്രണയത്തില്‍ വിശ്വസിക്കുന്നത് കൊണ്ടായിരുന്നില്ല അത്. ഞാന്‍ വിശ്വസിക്കുന്നില്ല. പക്ഷെ കാഞ്ചനമാല പ്രണയത്തില്‍ വിശ്വസിക്കുന്നവളാണ്.
ഞാന്‍ എങ്ങനെയാകും കാഞ്ചനമാലയെ അവതരിപ്പിക്കുന്നതെന്ന് എനിക്ക് കാണണമായിരുന്നു. കാരണം അവള്‍ എന്നെ പോലെയേ ആയിരുന്നില്ല. എനിക്ക് കാഞ്ചനമാലയെ വ്യത്യസ്തമായി ചെയ്യാന്‍ കഴിയില്ല. ടെസയുടെ കാര്യവും അങ്ങനെ തന്നെയാണ്.
ഞാനും ടെസ എന്ന കഥാപാത്രവും തമ്മില്‍ വളരെയേറെ സാമ്യമുണ്ടെന്ന് ഒരുപാട് ആളുകള്‍ കരുതുന്നുണ്ട്. അത് ഒരുപക്ഷെ ചില മാനറിസങ്ങളും സിനിമയില്‍ ടെസ ഉപയോഗിച്ച കണ്ണടകളും കാരണമാകണം. അതിനപ്പുറത്തേക്ക് ആ കഥാപാത്രമായി എനിക്ക് സാമ്യതയില്ല,’ പാര്‍വതി തിരുവോത്ത് പറഞ്ഞു.
Content Highlight: Parvathy Thiruvoth Talks About Kanchalamala In Enn Ninte Moitheen