Entertainment
ആ സിനിമ എനിക്ക് ഒരു ഗവേഷണ പ്രബന്ധം പോലെയായിരുന്നു: പാർവതി തിരുവോത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 27, 03:50 am
Thursday, 27th February 2025, 9:20 am

മികച്ച അഭിനയം കൊണ്ടും ശക്തമായ നിലപാടുകള്‍ കൊണ്ടും തന്റേതായ ഒരിടം ഉണ്ടാക്കിയെടുത്ത താരമാണ് പാര്‍വതി തിരുവോത്ത്. 2006ല്‍ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലൂടെയാണ് പാര്‍വതി അഭിനയം ആരംഭിച്ചത്. 2015ല്‍ റിലീസായ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും ദേശീയ അവാർഡിൽ പ്രത്യേക ജൂറി പരാമർശവും നേടിയിട്ടുള്ള പാർവതി അന്യഭാഷകളിലും കയ്യടി നേടിയിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തിൽ വലിയ ശ്രദ്ധ നേടിയ പാർവതിയുടെ സിനിമയായിരുന്നു നോട്ട്ബുക്ക്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിൽ പൂജ കൃഷ്ണൻ എന്ന കഥാപാത്രമായാണ് പാർവതി അഭിനയിച്ചത്. നോട്ട്ബുക്കിൽ അഭിനയിക്കുമ്പോൾ തന്റെ പ്രധാന ശ്രദ്ധ കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എങ്ങനെയാണ് എഴുതുന്നതെന്ന് അറിയുന്നതില്ലായിരുന്നുവെന്നും നോട്ട്ബുക്ക് എന്ന സിനിമ ഒരു ഗവേഷണ പ്രബന്ധം പോലെയാണ് തനിക്കെന്നും പാർവതി പറയുന്നു.

‘സിനിമകൾ കാണാനും വായിക്കാനും തുടങ്ങിയെന്നതാണ് നോട്ട്ബുക്കിൽ അഭിനയിച്ചശേഷം ഉണ്ടായ മാറ്റം. 17-ാം വയസ് വരെ സ്ഥിരമായി സിനിമ കാണുന്ന ആളല്ലായിരുന്നു. അച്ഛനും അമ്മയുമൊക്കെ ചെറിയ നിലയിൽ നിന്ന് വന്നിട്ടുള്ളവരാണ്. അവർ ഏറെ വിഷമിച്ചാണ് എന്നെ വളർത്തിക്കൊണ്ടുവന്നത്. അപ്പോൾ മൂന്നോ നാലോ മാസത്തിനിടയിൽ ഒരു സിനിമ കാണുന്നത് തന്നെ വലിയ കാര്യമാണ്. അത് തന്നെ ആഡംബരമായിരുന്നു. നോട്ടുബുക്കിൽ അഭിനയിക്കുന്നതുവരെ സിനിമ എന്നാൽ എന്തായിരുന്നുവെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല.

ആ സിനിമയിൽ അഭിനയിക്കുമ്പോൾ എന്റെ പ്രധാന ശ്രദ്ധ കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എങ്ങനെയാണ് എഴുതുന്നതെന്നായിരുന്നു. അവരിലൂടെയാണ് പൂജാ കൃഷ്ണ‌ൻ എന്ന ക്യാരക്ടറിനെ മനസിലാക്കിയത്. ആ സിനിമ എനിക്ക് ഒരു ഗവേഷണ പ്രബന്ധം പോലെയായി. പൂജ ആരാണ്, പൂജയുടെ അച്ഛൻ എങ്ങനെയായിരിക്കും എന്നെല്ലാം പഠിച്ചു.

അതൊന്നും സിനിമയിൽ കാണിക്കേണ്ട ആവശ്യമില്ലായിരിക്കാം. പക്ഷേ, എനിക്ക് എത്രത്തോളം ആ കഥാപാത്രത്തെ അറിയാൻ പറ്റുന്നുവോ, അത്രത്തോളം വിശദാംശങ്ങളോടെ അവതരിപ്പിക്കാൻ കഴിയുമെന്ന് മനസിലായി. ഞാൻ അഭിനയിച്ച കഥാപാത്രങ്ങളെ കണ്ടിട്ട് പ്രേക്ഷകർ അത് പാർവതി തന്നെയാണെന്ന് മനസിൽ വിചാരിച്ചാൽ എന്റെ അഭിനയത്തിന് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് വേണം കരുതാൻ,’പാർവതി പറയുന്നു.

 

Content Highlight: Parvathi Thiruvoth About Her Character In Notebook Movie