national news
ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗം; കത്തോലിക്ക സഭക്ക് കീഴിലെ സന്നദ്ധ സംഘടന കാരിത്താസിനെതിരെ ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 15, 02:32 am
Saturday, 15th February 2025, 8:02 am

ന്യൂദല്‍ഹി: കത്തോലിക്ക സഭക്ക് കീഴിലെ സന്നദ്ധ സംഘടനയായ കാരിത്താസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി. യു.എസ്. എയ്ഡില്‍ നിന്ന് സഹായം ലഭിക്കുന്ന സംഘടനയാണ് കാരിത്താസെന്നും യു.എസ്. എയ്ഡ് ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗമാണെന്നും ബി.ജെ.പി വക്താവ് അജയ് അലോക് പറഞ്ഞു.

ലോക്‌സഭയിലെ പ്രതിപക്ഷ ഉപനേതാവും അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിയുമായ ഗൗരവ് ഗൊഗോയ്‌ക്കെതിരെയും അദ്ദേഹത്തിന്റെ പങ്കാളി എലിസബത്ത് കോണ്‍ബേണിനുമെതിരായ വാര്‍ത്താ സമ്മേളനത്തിലാണ് ബി.ജെ.പി. വക്താവ് കാരിത്താസിനെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചത്. എലിസബത്തിന്റെ സഹോദരി കാരിത്താസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആളാണെന്നാണ് ബി.ജെ.പിയുടെ വാദം.

ഗൗരവ് ഗൊഗോയ്ക്കും എലിസബത്തിനും പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും പാകിസ്ഥാന്‍ എംബസിയില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് സൗരവ് ഗൊഗോയ് പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും ബി.ജെ.പി. ആരോപിച്ചു.

2013ല്‍ സൗരവ് ഗൊഗോയിയെ വിവാഹം ചെയ്യുന്നതിന് മുമ്പ് എലിസബത്ത് ഐ.എസ്.ഐ അനുയായി ആയിരുന്നും അക്കാലത്ത് പാകിസ്ഥാന്‍ ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ അലി തൊഖീര്‍ ഷെയ്ഖുമൊത്ത് എലിസബത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ബി.ജെ.പി വാക്താവ് പറയുന്നു.

എം.പിയായതിന് ശേഷം ഗൗരവ് ഗൊഗോയ് കേന്ദ്ര സര്‍ക്കാറിന്റെയും സ്പീക്കറുടെയോ അനുമതിയില്ലാതെ പാക്കിസ്ഥാന്‍ എംബസി സന്ദര്‍ശിച്ചിട്ടുണ്ടെന്നും ബി.ജെ.പി. ആരോപിക്കുന്നു. ഈ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള ചര്‍ച്ചകളെ തുടര്‍ന്നാണ് ഗൗരവ് ഗൊഗോയ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ സമുദ്ര സുരക്ഷ പദ്ധതിയെ കുറിച്ചും സമുദ്ര തീരത്ത് വിന്യസിച്ചിട്ടുള്ള റഡാറുകളെ കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിച്ചത് എന്നും ബി.ജെ.പി കുറ്റപ്പെടുത്തുന്നു.

ഗൊഗോയ് ഫലസ്തീന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ഇത് ഇന്ത്യ വിരുദ്ധ ശക്തികളുടെ പ്രേരണ പ്രകാരമാണെന്നും അസം മുഖ്യമന്ത്രി ഹിമന്തബിശ്വ ശര്‍മയും പറഞ്ഞു. എന്നാല്‍ ആരോപണങ്ങളെ പൂര്‍ണമായും നിഷേധിക്കുന്നതായും ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.

content highlights: part of the anti-Indian forces; BJP against Caritas, a voluntary organization under the Catholic Church