'ഞാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി'; കാരണം വ്യക്തമാക്കി മാല്‍ദീനി
Football
'ഞാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വി'; കാരണം വ്യക്തമാക്കി മാല്‍ദീനി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th November 2023, 5:22 pm

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് താന്‍ എന്ന് സ്വയം വിശേഷിപ്പിച്ച് ഇറ്റാലിയന്‍ ഇതിഹാസം പൗലോ മാല്‍ദീനി. കരിയറില്‍ അഞ്ച് യൂറോപ്യന്‍ കപ്പുകളടക്കം 26 ട്രോഫികളാണ് മാല്‍ദീനി സ്വന്തമാക്കിയത്. 2020ല്‍ താരം നല്‍കിയ അഭിമുഖത്തിലാണ് കരിയറില്‍ തനിക്ക് നഷ്ടമായ അവസരങ്ങള്‍ ചൂണ്ടിക്കാട്ടി താനൊരു തോല്‍വിയാണെന്ന് മാല്‍ദീനി പറഞ്ഞത്.

‘ഞാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ്. അതിന്റെ കാരണം ഞാന്‍ പറയാം. ഞാന്‍ ധാരാളം അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അഞ്ച് യൂറോപ്യന്‍ കപ്പുകള്‍ സ്വന്തമാക്കാന്‍ സാധിച്ചു.

എന്നാല്‍ എനിക്ക് മൂന്ന് ചാമ്പ്യന്‍സ് ലീഗ് ഫൈനലുകള്‍, ഒരു യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, മൂന്ന് ഇന്റര്‍നാഷണല്‍ കപ്പ് ഫൈനല്‍, ഒരു വേള്‍ഡ് കപ്പ് ഫൈനല്‍, ഒരു യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍, ഒരു വേള്‍ഡ് കപ്പ് സെമി ഫൈനല്‍ എന്നിവ നഷ്ടമായിട്ടുണ്ട്,’ മാല്‍ദീനി പറഞ്ഞു.

1994 ഫിഫ ലോകകപ്പ് ഫൈനലില്‍ ഇറ്റലിക്ക് ബ്രസീലിനോട് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍ക്കേണ്ടി വന്നത് മാല്‍ദീനി ചൂണ്ടിക്കാട്ടി. ഇറ്റലി 2006ല്‍ ലോകകപ്പ് നേടുമ്പോള്‍ നിര്‍ഭാഗ്യവശാല്‍ താന്‍ ടീമിന്റെ ഭാഗമല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘നിരവധി നേട്ടങ്ങളില്‍ പങ്കാളിയാകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഭാഗമായിട്ടുള്ള മത്സരങ്ങളില്‍ ഫൈനലില്‍ തോല്‍വി വഴങ്ങേണ്ടി വന്നിട്ടുമുണ്ട്. അതെല്ലാം ഞാന്‍ ഉള്‍ക്കൊള്ളുന്നു. ദേശീയ ടീമില്‍ മികച്ച ടീമായിരുന്നു ഞങ്ങള്‍. പക്ഷെ ബ്രസീലിനോട് ഫൈനലില്‍ പെനാല്‍ട്ടിയില്‍ തോല്‍ക്കേണ്ടി വന്നു. 2006ല്‍ ലോകകപ്പ് നേടിയപ്പോള്‍ ഞാന്‍ സ്‌ക്വാഡില്‍ ഉണ്ടാവുകയും ചെയ്തിട്ടില്ല,’ മാല്‍ദീനി പറഞ്ഞു.

കരിയറില്‍ ദേശീയ ടീമിനായി ഒരു ലോകകപ്പ് നേടാനായില്ലെങ്കിലും, എ.സി മിലാനൊപ്പം അഞ്ച് യൂറോപ്യന്‍ കപ്പുകള്‍ നേടാന്‍ മാല്‍ദീനിക്ക് സാധിച്ചു.

Content Highlights: Paolo Maldini makes strange admission about his glorious career