പാമൊലിനില്‍ സര്‍ക്കാറിന് വീണ്ടും തിരിച്ചടി: കേസ് അവസാനിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
Daily News
പാമൊലിനില്‍ സര്‍ക്കാറിന് വീണ്ടും തിരിച്ചടി: കേസ് അവസാനിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th January 2015, 3:21 pm

high-court01കൊച്ചി:  പ്രധാനികള്‍ മരിച്ചെന്ന കാരണത്താല്‍ പാമൊലിന്‍ കേസ് അവസാനിപ്പിക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും എം.എല്‍.എ സുനില്‍ കുമാറിനും കേസില്‍ ഇടപെടാമെന്നും പാമൊലിന്‍ കേസില്‍ വിചാരണ തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

“കേസ് പിന്‍വലിക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് മനസിലാവുന്നില്ല. എന്താണ് ജനങ്ങളില്‍ നിന്ന് മറക്കാന്‍ ശ്രമിക്കുന്നത് ? പൊതു താല്‍പര്യം മുന്‍നിര്‍ത്തിയാണോ കേസ് പിന്‍വലിക്കുന്നതിനുള്ള തീരുമാനം എടുത്തത് ?” കോടതി ചോദിച്ചു. അഴിമതിക്കേസില്‍ വിചാരണയിലൂടെവേണം സത്യം പുറത്തുവരാനെന്നും കേസ് പിന്‍വലിക്കുന്നതുകൊണ്ടുള്ള പ്രയോജനം പ്രതികള്‍ക്ക് മാത്രമാണെന്നും കോടതി നിരീക്ഷിച്ചു.

പാമൊലിന്‍ ഇടപാടിനെക്കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോഴും സംശയമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളില്‍ പ്രധാനികള്‍ മരിച്ചുപോയെന്നും കേസ് അനന്തമായി നീണ്ടുപോകുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

1991-92 കാലത്ത് കെ. കരുണാകരന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ് കേസിന് ആസ്പദമായ സംഭവം. ഒരു സിംഗപ്പൂര്‍ കമ്പനിയെ ഇടനിലക്കാരാക്കി പവര്‍ ആന്‍ഡ് എനര്‍ജി ലിമിറ്റഡ് എന്ന മലേഷ്യന്‍ കമ്പനിയില്‍ നിന്ന് പാമോയില്‍ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ പാമൊലിന് ടണ്ണിന് 392.25 ഡോളറുണ്ടായിരുന്നപ്പോള്‍ 405 ഡോളര്‍ എന്ന നിരക്കില്‍ 15,000 ടണ്‍ പാമോയില്‍ ഇറക്കുമതി ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് വിവാദമായത്. പാമൊലിന്‍ കൂടിയ വിലയ്ക്ക് ഇറക്കുമതി ചെയ്ത വകയില്‍ സംസ്ഥാനത്തിന് 2.32 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും സര്‍ക്കാരിന്റെ ഭാഗത്ത് അനാസ്ഥ ഉള്ളതായും സംസ്ഥാന വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.