ഫലസ്തീനികള്‍ക്ക് ഭക്ഷണം കാലിത്തീറ്റയും പക്ഷിത്തീറ്റയും അടങ്ങുന്ന റൊട്ടികള്‍: റിപ്പോര്‍ട്ട്
World News
ഫലസ്തീനികള്‍ക്ക് ഭക്ഷണം കാലിത്തീറ്റയും പക്ഷിത്തീറ്റയും അടങ്ങുന്ന റൊട്ടികള്‍: റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 30th January 2024, 3:13 pm

ജെറുസലേം: ഫലസ്തീനില്‍ ഇസ്രഈല്‍ നടത്തുന്ന അതിക്രമങ്ങളില്‍ ഗസയിലെ ജനങ്ങള്‍ പൂര്‍ണമായും പട്ടിണിയിലേക്ക് തള്ളപ്പെട്ടതായി റിപ്പോര്‍ട്ട്.
ഇസ്രഈല്‍ ഉപരോധം ഏര്‍പ്പെടുത്തിയ നഗരങ്ങളിലെ ഫലസ്തീനികള്‍ ഭക്ഷണത്തിന്റെ ദൗര്‍ലഭ്യം മൂലം ആരോഗ്യകരമല്ലാത്ത പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് റൊട്ടി ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മൃഗങ്ങളുടെ കാലിത്തീറ്റയും പക്ഷികള്‍ക്കായുള്ള തീറ്റയും റൊട്ടിക്കായുള്ള മാവില്‍ ചേര്‍ത്തുകൊണ്ടാണ് ഫലസ്തീനികള്‍ നിലവില്‍ ഭക്ഷണം പാകം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അത്തരത്തില്‍ ഭക്ഷണം പാകം ചെയ്യാനും കുട്ടികള്‍ക്കടക്കം ഈ വിഭവങ്ങള്‍ നല്‍കാനും ഫലസ്തീനികള്‍ നിര്‍ബന്ധിതരാവുന്നുവെന്ന് റിപ്പോട്ടില്‍ പറയുന്നു.

ഫലസ്തീനിലെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണം ഭക്ഷ്യയോഗ്യമല്ലെന്ന് മധ്യ ഗസയിലെ ഒരു മില്ലിന്റെ ഉടമയായ അബു അല മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ അടിയന്തരമായി ഭരണകൂടങ്ങള്‍ പരിഹാരം കാണണമെന്ന് അബു അല ആവശ്യപ്പെട്ടു.

അതേസമയം ഫലസ്തീന്‍ അഭ്യര്‍ത്ഥികള്‍ക്കായുള്ള ധനസഹായത്തില്‍ ഐക്യരാഷ്ട്രസഭയിലേക്ക് നല്‍കുന്ന സംഭാവനകളില്‍ ലോകരാഷ്ട്രങ്ങള്‍ തടസം സൃഷ്ടിക്കരുതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദശലക്ഷക്കണക്കിന് ഫലസ്തീനികളാണ് ഏജന്‍സിയായ റിലീഫ് ആന്‍ഡ് വര്‍ക്കിനെ (UNRAW) ആശ്രയിച്ച് നിലവില്‍ കഴിയുന്നതെന്നും അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

യു.കെ, യു.എസ്, കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങള്‍ യു.എന്‍.ആര്‍.ഡബ്ല്യുക്കുള്ള പുതിയ ഫണ്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ചെങ്കിലും യു.എന്‍ ഏജന്‍സി വഴി ഫലസ്തീനെ പിന്തുണക്കുന്നത് തുടരുമെന്ന് നോര്‍വേ അറിയിച്ചു. എന്നത്തേക്കാളും അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഫലസ്തീന് ആവശ്യമുള്ള സമയമാണ് ഇതെന്നും നോര്‍വേയുടെ ഫലസ്തീന്‍ പ്രതിനിധി എക്സില്‍ കുറിച്ചു. യു.എന്‍ ഏജന്‍സിയെ പിന്തുണച്ച് അയര്‍ലാന്‍ഡും രാഗത്തെത്തിയിരുന്നു.

നിലവിലെ കണക്കുകള്‍ ഗസയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീനികളുടെ മരണസംഖ്യ 26,637 ആയി വര്‍ധിച്ചുവെന്നും 65,387 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.

Content Highlight: Palestinians face food shortages