ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാകിസ്ഥാന്‍ ഒന്നും ചെയ്യില്ല; മൈക്കല്‍ വോണ്‍
ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ ആദ്യ ടെസ്റ്റില്‍ 360 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസീസ്. ഈ തോല്‍വിക്ക് പിന്നാലെ ഇപ്പോഴും പാകിസ്ഥാന്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരവും പരിശീലകനുമായ മുഹമ്മദ് ഹഫീസ്.
‘ഓസ്ട്രേലിയയ്ക്കെതിരെ ഞങ്ങള്‍ കളിക്കാന്‍ പോവുന്ന തന്ത്രങ്ങളെകുറിച്ച് വിശദമായ ചര്‍ച്ച നടത്തിയിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ മത്സരത്തില്‍ പിഴവുകള്‍ വരുത്തി. ഈ മോശം പ്രകടനം ഞങ്ങളെ മത്സരത്തില്‍ തോല്‍വിയിലേക്ക് നയിച്ചു. ഞാന്‍ ഇപ്പോഴും ഞങ്ങളുടെ കളിക്കാരില്‍ വിശ്വസിക്കുന്നു, ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഞങ്ങള്‍ക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്,’ ഹഫീസ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ ഹഫീസിന്റെ അഭിപ്രായത്തോട് പ്രതികരിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് മൈക്കല്‍ വോണ്‍. ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാക്കിസ്ഥാന് ഓസീസിനെ തോല്‍പ്പിക്കാന്‍ അവസരമില്ലെന്നാണ് വോണിന്റെ പ്രതികരണം.
ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 487 റണ്‍സിന് പുറത്താവുകയായിരുന്നു. ഓസ്‌ട്രേലിയന്‍ ബാറ്റിങ്ങില്‍ ഡേവിഡ് വാര്‍ണര്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. 211 പന്തില്‍ 164 റണ്‍സ് നേടിയായിരുന്നു വാര്‍ണറിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്. 16 ഫോറുകളുടെയും നാല് സിക്‌സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു വാര്‍ണറിന്റെ ഇന്നിങ്സ്. വാര്‍ണറിന് പുറമെ മിച്ചല്‍ മാര്‍ഷ് 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.
പാകിസ്ഥാന്‍ ബൗളിങ് നിരയില്‍ അരങ്ങേറ്റ മത്സരത്തില്‍ ആമിര്‍ ജമാല്‍ ആറ് വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 271 റണ്‍സിന് പുറത്താവുകയായിരുന്നു. പാക് ബാറ്റിങ് നിരയില്‍ 62 റണ്‍സ് നേടി ഇമാം ഉള്‍ ഹഖ് മികച്ച പ്രകടനം നടത്തി.
ഓസീസ് ബൗളിങ്ങില്‍ നഥാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റും പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച പ്രകടനം നടത്തി. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 233-5 എന്ന റണ്‍സില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
വിജയലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ 89 റണ്‍സിന് പുറത്താവുകയായിരുന്നു. സുവാദ് ഷക്കീല്‍ മാത്രമാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ഓസ്‌ട്രേലിയന്‍ ബൗളിങ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ കങ്കാരുപട 360 റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കുകയായിരുന്നു.
ജയത്തോടെ മൂന്ന് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലാണ് ഓസ്‌ട്രേലിയ. ഡിസംബര്‍ 26നാണ് രണ്ടാം ടെസ്റ്റ് മത്സരം നടക്കുക.
content highlights: Pakistan will do nothing on Australian soil; Michael Vaughan