അടുത്ത സര്‍ക്കാര്‍ വരുന്നതുവരെ കാത്തിരിക്കും; പാക് വ്യോമമേഖല മെയ് 30 വരെ ഇന്ത്യക്കു മുന്നില്‍ അടഞ്ഞുകിടക്കും
India Pak Issues
അടുത്ത സര്‍ക്കാര്‍ വരുന്നതുവരെ കാത്തിരിക്കും; പാക് വ്യോമമേഖല മെയ് 30 വരെ ഇന്ത്യക്കു മുന്നില്‍ അടഞ്ഞുകിടക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 8:52 pm

ലാഹോര്‍: ഇന്ത്യയിലെ അടുത്ത സര്‍ക്കാര്‍ രൂപീകരണം വരെ തങ്ങളുടെ വ്യോമമേഖലയില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്കു വിലക്ക് തുടരാന്‍ പാകിസ്താന്‍ തീരുമാനം. മെയ് 30 വരെയാണ് ഇപ്പോള്‍ വിലക്ക് നീട്ടിയിരിക്കുന്നത്.

ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിനുശേഷമാണ് പാകിസ്താന്‍ വ്യോമമേഖലയ്ക്ക് ഇന്ത്യക്കു പ്രവേശനം നിഷേധിച്ചത്. ഇന്ത്യയെക്കൂടാതെ മലേഷ്യക്കും സിംഗപ്പൂരിനും പാകിസ്താന്‍ നേരത്തേ വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇന്ത്യക്കു വ്യോമമേഖല തുറന്നുകൊടുക്കുന്നതു സംബന്ധിച്ച് ബുധനാഴ്ച നടന്ന പ്രതിരോധ, വ്യോമയാന മന്ത്രാലയങ്ങളുടെ യോഗത്തിലാണു തീരുമാനമുണ്ടായത്. ഇന്ത്യയിലെ പുതിയ രാഷ്ട്രീയസാഹചര്യം വിലയിരുത്തിയതിനുശേഷം തീരുമാനമെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പാകിസ്താന്റെ തീരുമാനം. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്ക് തുടരുമെന്നു നേരത്തേ പാകിസ്താന്‍ ശാസ്ത്രസാങ്കേതിക മന്ത്രി ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയൊന്നും കാണുന്നില്ലെന്നും പുതിയ സര്‍ക്കാര്‍ വരുന്നതുവരെ കാത്തിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പറഞ്ഞിരുന്നു. മെയ് 23-നാണു ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരിക.

ദിവസം ഇന്ത്യയിലേക്ക് രണ്ടും മലേഷ്യയിലേക്കു നാലും സിംഗപ്പൂരിലേക്കു രണ്ടും വിമാനങ്ങളാണു പാകിസ്താനില്‍ നിന്നു പോയിരുന്നത്. ഇതിനു വിലക്കേര്‍പ്പെടുത്തിയതോടെ ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് പാകിസ്താനുണ്ടായത്. വ്യോമമേഖലയ്ക്കു വിലക്കുണ്ടെങ്കിലും റെയില്‍, റോഡ് മാര്‍ഗങ്ങള്‍ക്ക് ഇതേര്‍പ്പെടുത്തിയിട്ടില്ല.

ഫെബ്രുവരി 26-നാണ് പുല്‍വാമയിലെ ഭീകരാക്രമണത്തിനു പകരമായി ഇന്ത്യന്‍ വ്യോമസേന അതിര്‍ത്തികടന്ന് ബാലാകോട്ടില്‍ ആക്രമണം നടത്തിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് നടത്തിയ ആക്രമണത്തില്‍ പാക്ക് അധീന കശ്മീരിലെ ജെയ്ഷെ മുഹമ്മദിന്റെ ഭീകരതാവളം തകര്‍ത്തിരുന്നു. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1000 കിലോ ബോംബാണ് നിയന്ത്രണരേഖയ്ക്ക് അപ്പുറത്തുള്ള ഭീകരക്യാംപുകളില്‍ വ്യോമസേന വര്‍ഷിച്ചത്. മുന്നൂറോളം പേര്‍് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ വാദം തള്ളുന്നു.