കോഴിക്കോട്: നിലവില്‍ എന്തുവന്നാലും പാര്‍ട്ടിക്കൊപ്പമാണെന്നും ഭാവിയിലെ കാര്യം തനിക്ക് പറയാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. കൗമുദി യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്താലായിരുന്നു അവരുടെ പ്രതികരണം.
ഒരാള്‍ പോലും പാര്‍ട്ടി വിടരുതെന്ന് തീരുമാനിക്കുന്നയാളാണ് ഞാന്‍. ഇപ്പോഴും ചില വിഷമങ്ങള്‍ എന്നെ പിന്തുരടുന്നുണ്ട്. പലപ്പോഴും കഴിവില്ലാത്തതുകൊണ്ടോ, വര്‍ക്ക് ചെയ്യാത്തതുകൊണ്ടോ അല്ല നമ്മള്‍ പല സ്ഥലങ്ങളിലും തഴയപ്പെടുന്നത്, അര്‍ഹതയില്ലാത്ത പലരും കയറിവരുന്നുണ്ട്. അങ്ങനെയൊക്കെ കാണുമ്പോള്‍ ഒരു വിഷമമുണ്ട്.
അല്ലാതെ അവര്‍ക്ക് അംഗീകാരം കിട്ടുമ്പോള്‍ തനിക്കൊന്നുമില്ലെന്നും, എന്നാല്‍ എവിടെയൊക്കയോ ഒരു പക്ഷാഭേദം കാണിക്കുന്നുണ്ട് എന്ന വിഷമം തോന്നാറുണ്ടെന്നും പത്മജ പറഞ്ഞു.
രാജ്യസഭാ സീറ്റ് ജെബി മേത്തറിന് കൊടുക്കമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സീറ്റ് ഒരു വനിതക്ക് നല്‍കിയതില്‍ സന്തോഷമുണ്ട്. കെ. കരുണാകരന്റെ മക്കളോട് പാര്‍ട്ടിക്ക് ഒരു ചിറ്റമ്മ നയം പണ്ടേയുണ്ടെന്നും പത്മജ പറഞ്ഞു.
കൂടെനില്‍ക്കുന്നവര്‍ കാലുവാരിയതുകൊണ്ടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് പരാജയപ്പെട്ടതെന്നും പത്മജ പറഞ്ഞു.
ഞാന്‍ ജയിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ വിചാരിച്ചിരുന്നില്ല. വിശ്വസിച്ചവര്‍ തന്നെ എന്നെ ചതിച്ചു. എന്നാല്‍ തോല്‍വിയില്‍ വിഷമമുണ്ടായിട്ടില്ല. പണിയെടുക്കുക എന്നതാണ് തന്റെ ശൈലിയെന്നും പത്മജ പറഞ്ഞു.