Kerala News
സ്വയം സേവകന്റെ അച്ചടക്കത്തോടെ ശിരസ് കുനിച്ച് ഗോള്‍വാള്‍ക്കറിന് മുന്നില്‍ വിളക്ക് കൊളുത്തുകയല്ല വി.എസ്. ചെയ്തത്: പി. രാജീവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Jul 12, 11:24 am
Tuesday, 12th July 2022, 4:54 pm

തിരുവനന്തപുരം: ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച പി. പരമേശ്വരന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പ്രസംഗം പുറത്തുവിടണമെന്ന് മന്ത്രി പി. രാജീവ്. സ്വയം സേവകന്റെ അച്ചടക്കത്തോടെ ശിരസ് കുനിച്ച് ഗോള്‍വാള്‍ക്കറിന് മുന്നില്‍ വിളക്ക് കൊളുത്തുകയല്ല വി.എസ്. ചെയ്തതെന്നും വി.എസ് നടത്തിയ പ്രസംഗം മാധ്യമങ്ങളില്‍ ലഭ്യമാണെന്നും പി. രാജീവ് പറഞ്ഞു.

ഒരു സ്വയം സേവകന്റെ അച്ചടക്കത്തോടെ ശിരസ് കുനിച്ച് ഗോള്‍വാള്‍ക്കറിന് മുന്നിലുള്ള വിളക്ക് കൊളുത്തുകയല്ലല്ലോ വി.എസ്. ചെയ്തത്. വിവേകാനന്ദനെ ആര്‍.എസ്.എസിന്റെ കുടക്കീഴിലാക്കാന്‍ അനുവദിക്കില്ല എന്നാണ് വി.എസ്. പറഞ്ഞത്.

ഈ പ്രസംഗവും മാധ്യമങ്ങളില്‍ ലഭ്യമാണ്. ഒരു സ്വയം സേവകന്റെ അച്ചടക്കത്തോടെ ശിരസ് കുനിച്ച് ഗോള്‍വാക്കറിന് മുന്നിലുള്ള വിളക്ക് കൊളുത്തുകയല്ലല്ലോ വി.എസ്. ചെയ്തത്. പ്രതിപക്ഷ നേതാവിന് കഴിയുമെങ്കില്‍ ആ വേദിയില്‍ നടത്തിയ പ്രസംഗം പുറത്തുവിടുകയാണ് വേണ്ടത്.
വിളക്ക് കൊളുത്തിയതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ പ്രതിപക്ഷനേതാവ് മറുപടി പറയുന്നില്ലല്ലോ.
പ്രതിപക്ഷ നേതാവ് സബ്മിഷന്‍ ഉന്നയിക്കാനായി നല്‍കിയ നോട്ടീസ് സഭാചട്ടങ്ങളുടെ ലംഘനമാണ്. ഇത് സഭാചട്ടങ്ങളെക്കുറിച്ച് പ്രാഥമികമായ അറിവുള്ളവര്‍ക്കെല്ലാം മനസിലാക്കാന്‍ സാധിക്കുമെന്നും പി. രാജീവ് വ്യക്തമാക്കി.

ഗോള്‍വാള്‍ക്കറെ കുറിച്ച് ഞാനന്ന് വായിച്ചിരുന്നില്ല. പിന്നീടാണ് മനസിലാക്കിയത്. അന്ന് അറിയാത്തതിനാലാണ് തിരികൊളുത്തിയത് എന്ന് പറഞ്ഞാല്‍ തീരാവുന്നതേയുള്ളു. അദ്ദേഹം ചെയ്ത കുറ്റത്തിന് ഞങ്ങളെ എന്തിനാണ് പഴിക്കുന്നതെന്നും രാജീവ് ചോദിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയുടെ പരാമര്‍ശം അനുചിതമാണ്. സര്‍ക്കാര്‍ എപ്പോഴും അതിജീവിതക്ക് ഒപ്പമാണ്. ഈ ഘട്ടത്തിലും ആ സമീപനമാണുള്ളത്. ഇത്തരം പ്രശ്‌നങ്ങളില്‍ നിയമപരമായി തന്നെ നീങ്ങുമെന്നും മന്ത്രി പറഞ്ഞു.