കണ്ണൂര്‍: സി.പി.ഐ.എം. കണ്ണൂര്‍ ജില്ല കമ്മറ്റി അംഗം പി.പി. ദിവ്യയെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കി. എ.ഡി.എം. നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്നാണ് നടപടി. അഡ്വ. രത്‌നകുമാരിയാണ് പുതിയ കണ്ണൂര്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ്. സി.പി.ഐ.എം. ജില്ല സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം.
എ.ഡി.എം. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ ക്ഷണിക്കാതെ പങ്കെടുത്ത് അദ്ദേഹത്തിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച പി.പി. ദിവ്യയുടെ നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെ ഇന്ന് ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇപ്പോള്‍ സി.പി.ഐ.എം. ജില്ല സെക്രട്ടേറിയേറ്റ് ദിവ്യയെ സ്ഥാനത്ത് നിന്നും നീക്കിയിരിക്കുന്നത്.
സി.പി.ഐ.എം. നടപടിക്ക് പിന്നാലെ താന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്ന് പി.പി. ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എ.ഡി.എമ്മിന്റെ മരണത്തില്‍ തനിക്ക് വേദനയുണ്ടെന്നും ദുഖമനുഭവിക്കുന്ന കുടുബത്തിന്റെ സങ്കടത്തില്‍ താന്‍ പങ്കുചേരുന്നതായും ദിവ്യ അറിയിച്ചു.
പോലീസ് അന്വേഷണവുമായി പൂര്‍ണ്ണമായും സഹകരിക്കുമെന്നും തന്റെ നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും അവര്‍ പറഞ്ഞു. അഴിമതിക്കെതിരായ സദുദ്ദേശവിമര്‍ശനമാണ് ഞാന്‍ നടത്തിയതെങ്കിലും, തന്റെ പ്രതികരണത്തില്‍ ചില ഭാഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാര്‍ട്ടി നിലപാട് താന്‍ ശരിവെയ്ക്കുന്നതായും ദിവ്യ പറഞ്ഞു. തന്റെ രാജിക്കത്ത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുനല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
content highlights: P.P. Divya was removed from the post of district panchayat president