'കേരളത്തിലെ കോൺ​ഗ്രസുകാരും ബി.ജെ.പിയിലേക്ക് പോകാതിരിക്കാൻ അവർക്ക് വോട്ട് ചെയ്യണമെന്നാണ് പറയുന്നത്'; സുപ്രഭാതത്തിന്റെ മുഖപ്രസം​ഗത്തിനെതിരെ പി.ജയരാജൻ
Kerala News
'കേരളത്തിലെ കോൺ​ഗ്രസുകാരും ബി.ജെ.പിയിലേക്ക് പോകാതിരിക്കാൻ അവർക്ക് വോട്ട് ചെയ്യണമെന്നാണ് പറയുന്നത്'; സുപ്രഭാതത്തിന്റെ മുഖപ്രസം​ഗത്തിനെതിരെ പി.ജയരാജൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd January 2021, 9:18 pm

തലശ്ശേരി: സുപ്രഭാതം പത്രത്തിന്റെ മുഖപ്രസം​ഗത്തിനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ.എമ്മിന്റെ മുതിർന്ന നേതാവും പോളിറ്റ് ബ്യൂറോ അം​ഗവുമായ പി.ജയരാജൻ.

പത്രത്തിന്റെ മുഖപ്രസം​ഗം കോൺഗ്രസ് മുക്തകേരളം ആർ.എസ്.എസ് അജണ്ടയാണെന്ന കോൺഗ്രസ് പ്രചാരണം അപ്പടി വിഴുങ്ങി കൊണ്ടുള്ളതും ഇന്ത്യയുടേയും കേരളത്തിന്റെയും വർത്തമാനകാല വസ്തുതകളെ മൂടി വെക്കുന്നതുമാണെന്ന് പി.ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

”കേരളത്തിലെ കോൺ​ഗ്രസുകാരും മറ്റു സംസ്ഥാനങ്ങളിലേതു പോലെ ബി.ജെ.പി പാളയത്തിൽ പോകാതിരിക്കാൻ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്യണമെന്നാണ് മുഖ പ്രസംഗത്തിലെ ആഹ്വാനം .ഈ ആഹ്വാനം ചിന്താ ശേഷിയുള്ള സമസ്തയിലുള്ളവരടക്കം പരിഹസിച്ചു തള്ളും,” പി.ജയരാജൻ പറഞ്ഞു.

”സുപ്രഭാതത്തിന്റെ വാദങ്ങൾ ആർക്കും അം​ഗീകരിക്കാൻ കഴിയില്ല. മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും,കമ്മ്യൂണിസ്റ്റുകാരും ത്രിവിധ ദോഷങ്ങളാണെന്നും അവരെ തുടച്ചു നീക്കണമെന്നും ഗോൾ വാൾക്കർ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.‌

ഇതാണ്‌ ആർ.എസ്‌.എസ്‌ അജണ്ട. ഏത് കാര്യത്തിലും ബി.ജെ.പി അനുകൂല നിലപാടെടുക്കുന്ന കോൺഗ്രസിനെ മുഖ്യശത്രുവായി കാണേണ്ട ആവശ്യം അവർക്കെന്താണ്‌. ബി.ജെ.പിക്ക്‌ അധികാര കസേര ഉറപ്പിക്കാൻ എതിർക്കുന്നവരെയാകെ തകർക്കലാണ്‌ ലക്ഷ്യം. അതിൽ ഇടതുപക്ഷക്കാരും കോൺഗ്രസുകാരുമുൾപ്പെടും,” പി. ജയരാജൻ പറഞ്ഞു.


കോൺ​ഗ്രസ് ഇന്നത്തെ നിലയിലേക്ക് ചുരുങ്ങിയത് അതിന്റെ ജനവിരുദ്ധ നയങ്ങളുടെ കൂടി ഫലമായാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

”കൊവിഡ് കാലത്തുപോലും വർഗീയത ഇളക്കിവിടാൻ മോദി നടത്തിയ രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിനോട് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാട്. അതിനെ എതിർത്തില്ലെന്നു മാത്രമല്ല ,ആ ചടങ്ങിൽ തങ്ങളെകൂടി ക്ഷണിക്കേണ്ടിയിരുന്നു എന്ന പരിഭവം പറച്ചിലാണ് നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ഇവിടെയാണ് ഇടതുപക്ഷത്തിന്റെ ഉറച്ച നിലപാട് നാം കേട്ടത്. അതുകൊണ്ടാണ് മതനിരപേക്ഷകതയ്ക്കായുള്ള പോരാട്ടത്തിൽ ഇടതുപക്ഷമാണ് ശരി എന്ന നിലപാടിലേക്ക് നാനാ വിശ്വാസികൾ എത്തിച്ചേർന്നത്,” ജയരാജൻ പറഞ്ഞു

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഫാസിസത്തിനെതിരെ പോരാടാൻ 19 യു.ഡി.എഫുകാരെ ജയിപ്പിച്ചതിന്റെ ഫലം എന്തായി എന്ന് ജനങ്ങൾ ചിന്തിച്ചു തുടങ്ങി.മുത്തലാഖ് ബിൽ, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പോലുള്ള പ്രധാന സമയങ്ങളിൽ വിമാനം കിട്ടിയില്ലെന്ന് പറഞ്ഞ് പാർലമെന്റിൽ പങ്കെടുക്കാതെ കല്യാണ വീട്ടിൽ ബിരിയാണി തിന്നാൻ പോയ ആളുകളാണ് ഗീർവാണം അടിക്കുന്നത്. ഏറ്റവുമൊടുവിൽ രാജ്യത്തിന് അന്നം നൽകുന്ന കർഷകർ ദൽഹിയിൽ ജീവന്മരണ പോരാട്ടം നടത്തുമ്പോൾ ഒരൊറ്റ കോൺഗ്രസ്-ലീഗ് എം.പിമാരെയും നേതാക്കളെയും ആ വഴിക്ക് കണ്ടില്ല.സി.പി.ഐ.എം നേതാക്കളും പ്രവർത്തകരും ഇപ്പോളും സമരമുഖത്ത് കർഷകർക്കൊപ്പമുണ്ട്. അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്‌കെഎസ്എസ്എഫിന്റെ ഉടമസ്ഥതയിലുള്ള സുപ്രഭാതം പത്രം ജനുവരി 22ന് വെള്ളിയാഴ്ച പ്രസിദ്ധികരിച്ച മുഖപ്രസംഗവും ആ സംഘടനയിലെ…

Posted by P Jayarajan on Friday, 22 January 2021

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: P Jayarajan criticises Suprabhatham Editorial