കോട്ടയം: ജോസ് കെ. മാണിയുടെ മുന്നണി മാറ്റം യു.ഡി.എഫിന് തിരിച്ചടിയുണ്ടാക്കില്ലെന്ന് പി. ജെ ജോസഫ്. ഉന്നതാധികാര സമിതിയോഗത്തിലാണ് പി. ജെ ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്. മുന്നണിമാറ്റം മധ്യതിരുവിതാംകൂറില്‍ ചലനം ഉണ്ടാക്കില്ലെന്നും ജോസഫ് പറഞ്ഞു.
എല്‍.ഡി.എഫിന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകില്ലെന്നും ജോസഫ് യോഗത്തില്‍ പറഞ്ഞു. മുന്നണിമാറാനുള്ള ജോസിന്റെ തീരുമാനം അണികള്‍ അംഗീകരിക്കില്ല. ജോസിനൊപ്പമുള്ള കൂടുതല്‍ നേതാക്കള്‍ തന്റെ പാര്‍ട്ടിയിലേക്ക് വരുമെന്നും ജോസഫ് യോഗത്തില്‍ പറഞ്ഞു.
ജോസ് കെ. മാണി പോയത് യു.ഡി.എഫിന് മാറ്റം ഉണ്ടാക്കില്ലെന്നാണ് ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗവും വിലയിരുത്തിയത്.
യു.ഡി.എഫ് ജില്ലാ കമ്മിറ്റികള്‍ ഉടന്‍ പുനഃസംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. രാഷ്ട്രീയ കാര്യങ്ങള്‍ തീരുമാനിക്കാന്‍ എറണാകുളത്ത് ഈ മാസം 23ന് യോഗം ചേരാനും യു.ഡി.എഫ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം മുന്നണിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇനിമുതല്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ആത്മാഭിമാനം അടിയറവ് വെച്ച് ഞങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. തീരുമാനങ്ങള്‍ എടുക്കേണ്ടതായി വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടോടുകൂടി പാര്‍ട്ടി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും,’ എന്നായിരുന്നു ജോസ് കെ. മാണി പറഞ്ഞത്.
യു.ഡി.എഫ് കെ. എം മാണിയെ അപമാനിക്കുകയാണ്. മാണി സാറിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുക എന്ന അജണ്ടയിലാണ് യു.ഡി.എഫ് പ്രവര്‍ത്തിക്കുന്നത്. കേരള കോണ്‍ഗ്രസിന്റെ നിലവിലുള്ള രാജ്യസഭ എം.പി സ്ഥാനം രാജിവെക്കും.
ശക്തമായ ജനകീയാടിത്തറയുള്ള പാര്‍ട്ടിക്ക് അവകാശമുളളതാണ് ഈ സ്ഥാനമെങ്കിലും ധാര്‍മ്മികതയുടെ പേരില്‍ അംഗത്വം രാജിവെക്കുകയാണെന്നും ജോസ് കെ. മാണി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക