മുംബൈ: എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന. രാജ്യത്ത് ബി.ജെ.പിയുടെ വളര്‍ച്ചയും പ്രവര്‍ത്തനങ്ങളും അണിയറയില്‍ നിന്ന് സുഗമമാക്കുന്നയാളാണ് ഉവൈസി എന്നാണ് ശിവസേന മുഖപത്രമായ ‘സാമന’യില്‍ എഴുതിയത്.
മറാത്തി ദിനപത്രമായ സാമനയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലായിരുന്നു വിമര്‍ശനം. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതധ്രുവീകരണം നടത്താനാണ് ഇപ്പോള്‍ ഉവൈസി ശ്രമിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഉവൈസി നടത്തിയ ഒരു പ്രസംഗത്തെ ചൂണ്ടിക്കാണിച്ചായിരുന്നു വിമര്‍ശനം.
പ്രചാരണ യോഗത്തില്‍ ഉവൈസി പ്രകോപനപരമായ പ്രസംഗമാണ് നടത്തിയതെന്നും അദ്ദേഹത്തിന്റെ അനുയായികള്‍ പാകിസ്ഥാനെ ഉയര്‍ത്തിക്കാണിക്കുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചു എന്നും പത്രം പറയുന്നു.
‘ ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്നു ഈ സാഹചര്യത്തില്‍, ബി.ജെ.പിയുടെ വളര്‍ച്ചയ്ക്ക് കാരണക്കാരനായ ഉവൈസി അവിടെ എല്ലാതരത്തിലുമുള്ള വര്‍ഗീയ-മത സംഘര്‍ഷങ്ങള്‍ക്കുമുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കുകയാണ്. പാകിസ്ഥാന്റെ പേര് ഉപയോഗിക്കാതെ ഇവിടെ ബി.ജെ.പി രാഷ്ട്രീയം മുന്നേറില്ലേ?’ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.
എന്തുകൊണ്ടാണ് ഉവൈസി ഉത്തര്‍പ്രദേശിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് വിളിക്കുന്നതെന്നും ഇതിനു മുന്‍പ് അവിടെ അത്തരമൊരു മുദ്രാവാക്യം വിളി ഉണ്ടായിട്ടില്ലെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.
രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളില്‍ മുസ്ലിം ജനവിഭാഗം അവഗണിക്കപ്പെടരുതെന്ന് പറയാന്‍ ധൈര്യം കാണിക്കാത്തിടത്തോളം, അവരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവരോട് രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ ആവശ്യപ്പെടാതിരിക്കുന്നിടത്തോളം മുസ്ലിങ്ങളും രാജ്യത്തിന്റെ ഭാഗമാണെന്ന് അവരോട് പറയാത്തിടത്തോളം ഉവൈസിയെ ഒരു ദേശീയ നേതാവായി കണക്കാക്കാനാകില്ലെന്നും ശിവസേന മുഖപ്രസംഗത്തില്‍ പറയുന്നു.
രാജ്യത്തെ മുസ്ലിങ്ങളോട് മുന്‍നിരയിലേയ്ക്ക് കടന്നു വരാനും ഭരണഘടനക്ക് വിധേയമായി സ്വന്തം വഴിയില്‍ ജീവിക്കാനും ആവശ്യപ്പെടാത്തിടത്തോളം ഉവൈസി ദേശീയ നേതാവല്ല, മറിച്ച് ദേശീയ പാര്‍ട്ടിയായ ബി.ജെ.പിയുടെ ‘അടിവസ്ത്ര’മായി തന്നെ തുടരുമെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം.
‘പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ മുന്‍പ് നടന്ന തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ സഹായിക്കുന്ന തരത്തില്‍ മതത്തിന്റെ പേരില്‍ ഭിന്നിപ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ ബംഗാളിലെ മുസ്ലിം ജനവിഭാഗം മമതാ ബാനര്‍ജിക്ക് വോട്ട് ചെയ്തതോടെ ഈ നീക്കം പരാജയപ്പെടുകയായിരുന്നു.
ഇത്തരം ഭിന്നിപ്പ് രാഷ്ട്രീയം ഉവൈസി ബിഹാറില്‍ ഉപയോഗിച്ചില്ലായിരുന്നെങ്കില്‍ ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആകുമായിരുന്നു അവിടെ മുഖ്യമന്ത്രി,’ മുഖപ്രസംഗത്തില്‍ പറയുന്നു.
ഇതിനിടെ ശിവസേനയുടെ മുഖപ്രസംഗ വിമര്‍ശനത്തിനെതിരെ എ.ഐ.എം.ഐ.എമ്മിന്റെ ഔറംഗാബാദ് എം.പി ഇംതിയാസ് ജലീല്‍ രംഗത്തെത്തി. തങ്ങളുടെ പാര്‍ട്ടി ശിവസേനയെക്കാള്‍ കൂടുതല്‍ ജനസ്വീകാര്യത നേടിയിട്ടുണ്ടെന്നും ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിമര്‍ശനങ്ങള്‍ ജനങ്ങളുടെതല്ല ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെത് മാത്രമാണെന്നുമായിരുന്നു ജലീലിന്റെ മറുപടി.
ബിഹാറിലും മഹാരാഷ്ട്രയിലും ജനങ്ങള്‍ ഞങ്ങളെ സ്വീകരിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു പാര്‍ട്ടിയല്ല ഇത്. എന്നാല്‍ ശിവസേന മഹാരാഷ്ട്രയില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.