national news
'അതിനെ എങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക?'; ചോദ്യങ്ങളുന്നയിച്ച് പ്രധാനമന്ത്രിക്ക് പുതിയ കത്തുമായി 180-ഓളം പ്രമുഖര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 08, 05:45 pm
Tuesday, 8th October 2019, 11:15 pm

ന്യൂദല്‍ഹി: പ്രധാനമന്ത്രിക്കു കത്തെഴുതിയതിനെ എങ്ങനെയാണു രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക എന്ന ചോദ്യമുന്നയിച്ച് സാംസ്‌കാരിക രംഗത്തെ 180-ഓളം പേര്‍ പുതിയ കത്തയച്ചു. രാജ്യത്തു വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ചാണിത്.

നടന്‍ നസറുദ്ദീന്‍ ഷാ, ഛായാഗ്രാഹകന്‍ ആനന്ദ് പ്രധാന്‍, ചരിത്രകാരി റൊമില ഥാപ്പര്‍ തുടങ്ങിയവരാണു പുതിയ കത്തയച്ചിരിക്കുന്നത്.

നേരത്തേ കത്തയച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ തുടങ്ങിയവര്‍ക്കെതിരെയാണ് കേസെടുത്തത്. ജൂലൈയിലായിരുന്നു ഇവര്‍ കത്തെഴുതിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വര്‍ഗീയ വളര്‍ത്താന്‍ ശ്രമിച്ചു, പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ബിഹാര്‍ പൊലീസാണ് ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

ഇതില്‍ കടുത്ത പ്രതിഷേധം നിലനില്‍ക്കെയാണു കൂടുതല്‍പ്പേര്‍ കത്തുമായി രംഗത്തെത്തിയത്. ഇന്നലെയാണ് ഇവര്‍ കത്തെഴുതിയത്. പുതിയ കത്തില്‍ പറയുന്ന കാര്യങ്ങളിങ്ങനെ-

‘കേസെടുത്ത 49 സാംസ്‌കാരിക പ്രവര്‍ത്തകര്‍ അവരുടെ കടമ മാത്രമാണു നിര്‍വഹിച്ചത്. രാജ്യത്തു വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ ആശങ്ക അറിയിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിനെ എങ്ങനെയാണ് രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയുക? കോടതികളെ ദുരുപയോഗിച്ച് പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കാനുള്ള ശ്രമമാണോ ഇത്?’

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അശോക് വാജ്‌പേയി, ജെറി പിന്റോസ ഇറാ ഭാസ്‌കര്‍, ജീത്ത് തയ്യില്‍, ഷംസുല്‍ ഇസ്‌ലാം, ടി.എം കൃഷ്ണ തുടങ്ങിയവരും കത്തില്‍ ഒപ്പിട്ടുണ്ട്. കൂടുതലാളുകള്‍ ഈ പ്രതിഷേധം ഏറ്റെടുക്കണമെന്ന ആഗ്രഹമാണു കത്തിനു പിന്നിലെന്ന് ഇവര്‍ പറയുന്നു.

വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണത്തിനെതിരെയും പൗരന്മാരെ നിശബ്ദമാക്കാനുള്ള നീക്കത്തിനെതിരെയും കൂടുതലാളുകള്‍ രംഗത്തുവരണമെന്നു കത്തില്‍ ആഹ്വാനം ചെയ്യുന്നു.