മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വിമര്‍ശനം.
‘മഹാമാരിക്കാലത്ത് ഒന്നും നോക്കാതെ നിസ്വാര്‍ത്ഥ സേവനം കാഴ്ചവെച്ച നമ്മുടെ ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും യാതൊരു യോഗ്യതയുമില്ലാത്ത ഒരാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ല. യുക്തി, ശാസ്ത്രം ഇന്ത്യയില്‍ വളരാന്‍ അനുവദിക്കൂ,’ റസൂല്‍ ഫേസ്ബുക്കിലെഴുതി.
അലോപ്പതിയെയും ശാസ്ത്രീയ വൈദ്യ ശാസ്ത്രത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ച പശ്ചാത്തലത്തിലാണ് റസൂല്‍ പൂക്കുട്ടിയുടെ പ്രതികരണം.
അലോപ്പതിക്കെതിരെ രാംദേവ് സംസാരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്ന് ഐ.എം.എ ആവശ്യപ്പെട്ടത്.
അല്ലെങ്കില്‍ അലോപ്പതിക്കെതിരായ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ആരോഗ്യമന്ത്രിയും അംഗീകരിക്കുന്നുവെന്ന് കരുതേണ്ടിവരുമെന്നും ഐ.എം.എ പറഞ്ഞു. സര്‍ക്കാര്‍ നടപടി സ്വീകരിക്കില്ലെങ്കില്‍ രാംദേവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രത്തോട് ഐ.എം.എ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഐ.എം.എ ലീഗല്‍ നോട്ടീസ് അയച്ചത്.
ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതും പരാജയപ്പെട്ടതുമാണ് എന്നാണ് രാംദേവ് ആരോപിക്കുന്നത്. ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തന്നെ രാംദേവ് ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ പരാമര്‍ശം നടത്തിയിരുന്നെന്നും എന്നാല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാവുമ്പോള്‍ രാംദേവും അദ്ദേഹത്തിന്റെ സഹായിയും ആധുനിക വൈദ്യശാസ്ത്രത്തിന്റെ സഹായം തേടാറുണ്ടെന്നും സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തന്റെ വ്യാജമരുന്നുകള്‍ വില്‍പന നടത്താനാണ് രാംദേവ് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതെന്നും ഐ.എം.എ ആരോപിച്ചു.