പാരീസ്: ഫ്രാന്‍സിലെ ലിയോയില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പുരോഹിതന് നേരെ വെടിവെപ്പ്. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് പുരോഹിതന് നേരെ ആക്രമണം ഉണ്ടായത്. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വൈകിട്ട് ചര്‍ച്ച് അടയ്ക്കാനെത്തിയപ്പോള്‍ പുരോഹിതനു നേരെ തോക്കുമായെത്തിയ ഒരാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമി ഒന്നില്‍ കൂടുതല്‍ തവണ വെടിയുതിര്‍ത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അടിവയറ്റില്‍ വെടിയേറ്റ പുരോഹിതനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുരോഹിതന് സര്‍ജറി ആവശ്യമാണെന്ന് ലിയോ മെയര്‍ ഗ്രിഗറി മാധ്യമങ്ങളോട് പ്രതികരിച്ചു. ഫ്രഞ്ച് നഗരമായ നീസിലെ ചര്‍ച്ചില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ലിയോയില്‍ പുരോഹിതന് നേരെ ആക്രമണം ഉണ്ടായത്.
സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തുവെന്നാണ് ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നീസില്‍ പള്ളിക്കുള്ളില്‍ വെച്ച് 60 വയസുള്ള ഒരു സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം തലയറുക്കുകയും ഇതിന് ശേഷം പള്ളി ജീവനക്കാരനായ 55 കാരനെ കൊലപ്പെടുത്തുകയുമായിരുന്നു. ഇദ്ദേഹത്തിന്റെ കഴുത്തും മുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീലിയന്‍ സ്വദേശിയായ യുവിതിയേയും കൊലപ്പെടുത്തിയത്.
ടുണീഷ്യയില്‍ നിന്നും ഫ്രാന്‍സിലെത്തിയ 21 കാരനായ യുവാവാണ് നീസ് ചര്‍ച്ച് ആക്രമണത്തില്‍ പ്രതി. ഫ്രഞ്ച് ഇറ്റാലിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം ബ്രാഹിം അയ്‌സുറി എന്നാണ് പ്രതിയുടെ പേര്. ഇറ്റാലിയന്‍ റെഡ് ക്രോസ് ഡോക്യുമെന്റ് ഇറക്കിയ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 20 നാണ് ഇയാള്‍ യൂറോപ്പിലെത്തിയത്. ഇറ്റലിയില്‍ എത്തിയ ഇയാള്‍ പിന്നീട് ഫ്രാന്‍സിലേക്ക് കടക്കുകയായിരുന്നു.
ഇയാളെപറ്റി അന്വേഷണം നടത്തുന്നുണ്ടെന്നാണ് ടുണീഷ്യന്‍ അധികൃതര്‍ അറിയിച്ചത്. അതേസമയം ഈ പ്രതി ടുണീഷ്യയിലെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടാത്ത ആളാണെന്നാണ് ബി.ബി.സി റിപ്പോര്‍ട്ട്. കൊലപാതകം തീവ്രവാദ ആക്രമണമാണെന്നാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രതികരിച്ചത്.
ഖുര്‍ആനിന്റെ പകര്‍പ്പും മൂന്ന് കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നെന്നാണ് അധികൃതര്‍ പറഞ്ഞത്. പൊലീസ് വെടിവെച്ചപ്പോള്‍ ഇയാള്‍ അല്ലാഹു അക്ബര്‍ എന്ന് വിളിച്ചതായും ഫ്രാന്‍സിലെ ആന്റി ടെറര്‍ പ്രോസിക്യൂട്ടറായ ജീന്‍ ഫ്രാങ്കോയിസ് റിക്കാര്‍ഡ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക