ന്യൂദല്‍ഹി: പാചക വാതകത്തിന്റെ വിലവര്‍ധനയും റെയില്‍വേ നിരക്ക് വര്‍ധനയും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് കോണ്‍ഗ്രസും സി.പി.ഐ.എമ്മും. സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുമ്പോഴാണ് ജനങ്ങള്‍ക്കുമേല്‍ അധികഭാരം പതിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് സുഷ്മിത ദേവ് പറഞ്ഞു.
സാധാരണ ജനങ്ങളുടെ സാമ്പത്തിക ബാധ്യത വര്‍ധിപ്പിക്കുന്നതാണ് പുതിയ വിലക്കയറ്റമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു.
തീവണ്ടിയാത്രാ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ പുതുവത്സരത്തിന് തുടക്കമിട്ടുവെന്നാണ് യെച്ചൂരി ട്വീറ്റ് ചെയ്തത്. ജനങ്ങളോട് കാണിക്കുന്ന ആക്രമണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയില്‍വേയുടെ പുതിയ നിരക്കുകള്‍ ഡിസംബര്‍ 31 മുതലാണ് നിലവില്‍ വന്നത്. സബ് അര്‍ബന്‍ ട്രെയിനുകള്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമല്ല. ഓര്‍ഡിനറി നോണ്‍ എസി- സബ് അര്‍ബന്‍ അല്ലാത്ത ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസ വെച്ചാണ് കൂട്ടിയത്.
മെയില്‍-എക്സ്പ്രസ്-നോണ്‍ എസി ട്രെയിനുകള്‍ക്ക് കിലോമീറ്ററിന് രണ്ട് പൈസയും എസി ട്രെയിനുകളില്‍ കിലോമീറ്ററിന് നാല് പൈസയും കൂട്ടി. തിരുവനന്തപുരം നിസാമുദ്ദീന്‍ രാജധാനിക്ക് പുതിയ നിരക്ക് പ്രകാരം 114 രൂപ കൂട്ടി. തിരുവനന്തപുരം ദല്‍ഹി രാജധാനി എക്സ്പ്രസില്‍ നോണ്‍ എസി ടിക്കറ്റുകള്‍ക്ക് 60 രൂപ 70 പൈസയും എസി ടിക്കറ്റുകള്‍ക്ക് 121 രൂപയും കൂട്ടി.