മണിപ്പൂര്‍ ചര്‍ച്ചയാക്കിയാല്‍ രാജസ്ഥാനും ബംഗാളും ചര്‍ച്ചയാക്കണം; പാര്‍ലമെന്റില്‍ ബി.ജെ.പി; ബഹളം
national news
മണിപ്പൂര്‍ ചര്‍ച്ചയാക്കിയാല്‍ രാജസ്ഥാനും ബംഗാളും ചര്‍ച്ചയാക്കണം; പാര്‍ലമെന്റില്‍ ബി.ജെ.പി; ബഹളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th July 2023, 12:43 pm

ന്യൂദല്‍ഹി: മണിപ്പൂർ വിഷയത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും ചൊവ്വാഴ്ചയും പ്രതിപക്ഷ പ്രതിഷേധം. നേരത്തെ പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുത്ത് 12 മണിവരെ രാജ്യസഭ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ 12 മണിക്ക് ശേഷം സഭ വീണ്ടും ചേര്‍ന്നെങ്കിലും പ്രതിഷേധം തുടരുകയാണ്.

മണിപ്പൂര്‍ വിഷയത്തില്‍ റൂള്‍ 267 പ്രകാരം വിശദമായ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുസഭയിലും വിഷയത്തില്‍ സംസാരിക്കണമെന്നുമാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിക്കുന്നത്.

ലോക്‌സഭയിലും ബഹളമുണ്ടായതിനെ തുടര്‍ന്ന് രണ്ട് മണി വരെ സഭ നിര്‍ത്തിവെച്ചിരിക്കുകയാണ്. മണിപ്പൂര്‍ വിഷയം ലോക്‌സഭയില്‍ ചര്‍ച്ചയാക്കണമെങ്കില്‍ രാജസ്ഥാനിലും ബംഗാളിലും സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന വിഷയം കൂടി ചര്‍ച്ചയാക്കണമെന്ന് ബി.ജെ.പി ആവശ്യപ്പെടുകയായിരുന്നു. റൂള്‍ 267 അനുസരിച്ച് നിലവില്‍ 51 നോട്ടീസുകളാണ് പ്രതിപക്ഷ പാര്‍ട്ടികളിലെ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ വെച്ചിരിക്കുന്നത്.

മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വചര്‍ച്ച നടത്താമെന്നും പക്ഷേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും വിഷയത്തില്‍ മറുപടി പറയുകയെന്നുമാണ് ബി.ജെ.പി നിലപാട്. എന്നാല്‍ ഈ ആവശ്യം പ്രതിപക്ഷ എം.പിമാര്‍ അംഗീകരിച്ചില്ല.

കഴിഞ്ഞ ദിവസങ്ങളിലും മണിപ്പൂരിലെ കലാപത്തെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത പ്രതിപക്ഷമുണ്ടായിരുന്നു. പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങിയായിരുന്നു പ്രതിക്ഷ എം.പിമാരുടെ പ്രതിഷേധം. മണിപ്പൂര്‍ വിഷയത്തില്‍ ഹ്രസ്വ ചര്‍ച്ച മതിയാകില്ലെന്നാണ് പ്രതിപക്ഷ നിലപാട്. പാര്‍ലമെന്റിന് പുറത്തും എം.പിമാരുടെ പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്.

Content Highlight:  Opposition protest in Rajya Sabha and Lok Sabha on Tuesday