തമിഴ്‌നാട്ടില്‍ കുടുംബ ഭരണമാണ്, സ്റ്റാലിന്‍ മാത്രമല്ല മുഖ്യമന്ത്രി, മറ്റ് നാലുപേര്‍ കൂടിയുണ്ട്: കെ. പളനിസ്വാമി
national news
തമിഴ്‌നാട്ടില്‍ കുടുംബ ഭരണമാണ്, സ്റ്റാലിന്‍ മാത്രമല്ല മുഖ്യമന്ത്രി, മറ്റ് നാലുപേര്‍ കൂടിയുണ്ട്: കെ. പളനിസ്വാമി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th September 2022, 8:28 pm

ചെന്നൈ: ഡി.എം.കെ സര്‍ക്കാര്‍ ഭരണത്തെ കുടുംബ ഭരണമെന്ന് വിശേഷിപ്പിച്ച് എ.ഐഎ.ഡി.എം.കെ ഇടക്കാല അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ കെ. പളനിസ്വാമി. തമിഴ്‌നാട് യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അല്ലെന്നും മറിച്ച് കുടുംബമാണെന്നും പളനിസ്വാമി പറഞ്ഞു.

തമിഴ്‌നാട്ടില്‍ ബി.എം.കെ സ്വേച്ഛാധിപത്യ ഭരണമാണ് നടത്തുന്നതെന്നും ആ ഭരണത്തില്‍ ജനങ്ങള്‍ക്ക് ദുരിതം മാത്രമാണ് ഉണ്ടായതെന്നും പളനിസ്വാമി കൂട്ടിച്ചേര്‍ത്തു.

ചെങ്കല്‍പ്പേട്ടില്‍ നടന്ന വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കെതിരായ സമരത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഇതൊരു കുടുംബഭരണമാണ്. ഒരു സംസ്ഥാനത്തിന് ഒരു മുഖ്യമന്ത്രി മാത്രമേ ഉണ്ടാകൂ. പക്ഷേ തമിഴ്നാടിന് ഏകദേശം നാല് മുഖ്യമന്ത്രിമാരുണ്ട്. കുടുംബമാണ് അധികാര കേന്ദ്രം, കുടുംബമാണ് അധികാരം വഹിക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍ ഒരു പാവ മാത്രമാണ്,’ പ്രതിപക്ഷ നേതാവ് പളനിസ്വാമി ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകനും ഭാര്യയും മരുമകനുമാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിമാര്‍. ഇവരാണ് ഭരിക്കുന്നത്. ജനങ്ങള്‍ക്ക് ഈ ഭരണം കൊണ്ട് കാര്യമായി നേട്ടങ്ങളൊന്നും ലഭിക്കുന്നില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളിലും കമീഷനും അഴിമതിയും നടക്കുന്നുണ്ട്. സര്‍ക്കാരിന്റെ ശ്രദ്ധ ഇക്കാര്യങ്ങളില്‍ മാത്രമാണ്. ജനങ്ങള്‍ക്ക് എന്ത് വേണമെന്നതൊന്നും അദ്ദേഹത്തിന്റെ പരിഗണനയിലില്ല. മുമ്പ് ഇതേ സര്‍ക്കാര്‍ തന്നെയാണ് എ.ഐ.ഡി.എം.കെയ്‌ക്കെതിരെ അഴിമതിയുള്‍പ്പെടെ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുദ്രാവാക്യം വിളിച്ചിരുന്നതെന്നും ഇന്ന് അവര്‍ തന്നെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പ്പറേഷന്‍, മുനിസിപ്പല്‍, ടൗണ്‍ പഞ്ചായത്ത് പ്രദേശങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് വസ്തു നികുതി വര്‍ധിപ്പിച്ച കാര്യവും പളനിസ്വാമി പരാമര്‍ശിച്ചു.

സ്റ്റാലിന്‍ ‘നികുതി പിരിവിന്റെ രാജാവ്’ ആണെന്നും പളനിസ്വാമി പറഞ്ഞു. കഴിയുന്നത്ര നികുതി ചുമത്തി ആളുകളെ പിഴിയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്റ്റാലിന്‍ ദ്രാവിഡ മോഡല്‍ ഭരണം എന്ന മുദ്രാവാക്യം പലപ്പോഴും ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും ഈ വര്‍ഷം ആദ്യം വിതരണം ചെയ്ത പൊങ്കല്‍ ഉത്സവ ഹാംപറുകളില്‍ കണ്ടെത്തിയ നിലവാരമില്ലാത്ത ചരക്കുകളില്‍ നിന്ന് ആ ഭരണത്തിന്റെ നിലവാരം വ്യക്തമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

നീറ്റിനോടുള്ള തന്റെ പാര്‍ട്ടിയുടെ എതിര്‍പ്പും അദ്ദേഹം ആവര്‍ത്തിച്ചു, ദേശീയ പരീക്ഷക്ക് വഴിയൊരുക്കിയത് കോണ്‍ഗ്രസും ഡി.എം.കെയും പ്രധാന ഘടകകക്ഷികളായിരുന്ന യു.പി.എ ഭരണകാലത്തായിരുന്നുവെന്നും അത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ചിന്താ പ്രക്രിയയില്ലാത്ത വ്യക്തിയാണ് സ്റ്റാലിന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഡി.എം.കെ ഉറപ്പുനല്‍കിയിരുന്ന ഡീസല്‍ വിലയിലെ കുറവ് നടന്നിട്ടില്ലെന്നും മറിച്ചു വിലക്കയറ്റമാണ് ഉണ്ടായതെന്നും പളനിസ്വാമി പറഞ്ഞു.

Content Highlight: Opposition leader k palaniswami slams chief minister MK stalin